കോഴിക്കോട് : ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിന് മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഉടൻ യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയതിനാൽ ആർക്കും പരിക്കില്ല. പുതിയറ ജങ്ഷന് സമീപം വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. ഉടൻ തൊട്ടടുത്ത കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ജീവനക്കാരും ചുമട്ട് തൊഴിലാളികളും ചേർന്ന് തീയണച്ചു.
ആശുപത്രി ജീവനക്കാർ അഗ്നിസുരക്ഷാ ഉപകരണങ്ങളുമായി എത്തുകയും സമയോചിതമായി പ്രവർത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെ എട്ടോളം ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചാണ് തീയണച്ചത്. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നും അഗ്നി രക്ഷാ ഉദ്യോഗസ്ഥർ എത്തുമ്പോേഴക്കും ആശുപത്രി ജീവനക്കാർ തീയണച്ചിരുന്നു. പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും എത്തി തീ പൂർണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
