മലപ്പുറം: ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് മർദിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന പി.ടി.ബി ബസിലെ മൂന്ന് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഷാദ്, സിജു, സുജീഷ് എന്നിവർക്കെതിരെ നഹരത്യകുറ്റം ചുമത്തിയിട്ടുണ്ട്.
മാണൂർ സ്വദേശി അബ്ദുൽ ലത്തീഫാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മർദനത്തിന് പിന്നാലെയുണ്ടായ മാനസിക സംഘർഷം ഹൃദയാഘാതത്തിന് വഴിവെച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ രാവിലെ 10.30ഓടെ വടക്കേമണ്ണയിൽവെച്ചായിരുന്നു സംഭവം. വടക്കേമണ്ണയിൽ വെച്ച് രണ്ടുയാത്രക്കർ കൈകാണിച്ച് ഓട്ടോയിൽ കയറി. ഇതോടെ ബസ് പിന്തുടർന്നെത്തി ഓട്ടോ ഡ്രൈവർ അബ്ദുൽ ലത്തീഫിനെ പിടിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. ക്രൂര മർദനമേറ്റ ലത്തീഫ് സ്വയം ഓട്ടോ ഓടിച്ച് ആശുപത്രിയിലെത്തിയെങ്കിലും ഉടൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.