മാവൂർ: മാവൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നും കോപ്പർ കേബിളുകൾ മോഷ്ടിച്ച പ്രതികളെ ഓട്ടോ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ പോലീസ് പിടികൂടി. ആലപ്പുഴ വലിയകുളങ്ങര സ്വദേശി വിനോദ് കുമാർ (40), നെന്മാറ പെഴുമ്പാറ സ്വദേശി നാസറുദ്ദീൻ (34) എന്നിവരെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെയാണ് മാവൂർ പൈപ്പ് ലൈൻ റോഡിലെ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന 35 മീറ്ററോളം നീളം വരുന്ന കേബിളുകൾ പ്രതികൾ കവർന്നത്. മോഷണമുതലുമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് പരിസരത്തുനിന്നും നിഷാദ് എന്നയാളുടെ ഓട്ടോറിക്ഷയിൽ പ്രതികൾ കയറി. എന്നാൽ യാത്രയ്ക്കിടെ ഇവരുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഡ്രൈവർ നിഷാദ്, തന്ത്രപൂർവ്വം ഓട്ടോറിക്ഷ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ ടെലിഫോൺ എക്സ്ചേഞ്ചിലെ കരാർ തൊഴിലാളികളാണെന്നും കേബിൾ മോഷ്ടിച്ചതാണെന്നും വെളിപ്പെടുത്തിയത്. മെഡിക്കൽ കോളേജ് പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് മാവൂർ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മോഷ്ടിച്ച കേബിളുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
