കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബമ്പര്‍ ടിക്കറ്റ് വില്പന തകൃതിയായി പുരോഗമിക്കുകയാണ്. ഇന്നലെ വരെ മാത്രം 74 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബമ്പര്‍ നറുക്കെടുക്കുക. നറുക്കെടുപ്പിന് തൊട്ട് മുന്‍പ് വരെ ടിക്കറ്റ് വാങ്ങിക്കാന്‍ അവസരമുണ്ടായിരിക്കും. അതിനാല്‍ തന്നെ ടിക്കറ്റ് വില്പന 75 ലക്ഷം കടക്കും എന്ന് ഉറപ്പാണ്.
കഴിഞ്ഞ വര്‍ഷം 71 ലക്ഷം ടിക്കറ്റായിരുന്നു വിറ്റിരുന്നത്. ഈ റെക്കോഡാണ് ഇത്തവണ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ തിരുത്തിയെഴുതിയത്. ഓണം ബമ്പറിന്റെ സമ്മാന ഘടന തന്നെയാണ് ഭാഗ്യാന്വേഷികളെ ആകര്‍ഷിക്കുന്നത്. ആകെ 22 കോടീശ്വരന്മാരെയാണ് ഒാണം ബമ്പര്‍ സൃഷ്ടിക്കുന്നത്. 500 രൂപയാണ് ടിക്കറ്റിന്റെ വില. 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാന് കിട്ടുക.
ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ ഏജന്റിന് കമ്മീഷനായും കൈയിലെത്തുന്നത് കോടികളാണ്. ഇത് കൂടാതെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ഇത് 20 പേര്‍ക്കാണ് ലഭിക്കുക. ഇങ്ങനെയാണ് ഓണം ബമ്പര്‍ 22 കോടീശ്വരന്മാരെ സൃഷ്ടിക്കുന്നത്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും ഓണം ബമ്പറിലൂടെ ലഭിക്കും.
അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്കുന്നു. അതേസമയം ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും ഇത് മുഴുവന്‍ ഭാഗ്യശാലിക്ക് ലഭിക്കില്ല. നികുതിയും മറ്റ് കിഴിവുകളുമെല്ലാം പിടിച്ച് ഏകദേശം പകുതിയോളം രൂപ മാത്രമാണ് വിജയിക്ക് ലഭിക്കുക. 25 കോടി അടിച്ച ഭാഗ്യശാലിക്ക് എത്ര രൂപ കിട്ടുമെന്ന് നോക്കാം.
ഒന്നാം സമ്മാനമായ 25 കോടിയുടെ ഏജന്‍സി കമ്മീഷന് 10 ശതമാനമാണ്. ഇങ്ങനെ 2.5 കോടി രൂപ ഇതില്‍ നിന്ന് ഏജന്റിന് പോകും. സമ്മാന നികുതി 30 ശതമാനമാണ്, അതായത് 6.75 കോടി രൂപ. ഇതും 25 കോടിയില്‍ നിന്ന് കുറയ്ക്കും. പിന്നീട് ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് 15. 75 കോടിയാണ്. എന്നാല്‍ ഈ തുകയും മുഴുവന്‍ ഭാഗ്യശാലിക്ക് ലഭിക്കില്ല.
നികുതി തുകയ്ക്കുള്ള സര്‍ചാര്‍ജായി ഇതില്‍ നിന്ന് 37 ശതമാനം ഈടാക്കും. അങ്ങനെ 2.49 കോടി രൂപ വീണ്ടും കുറയും. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനവും ഈടാക്കും. ഇത് 36.9 ലക്ഷം രൂപയാണ്. പിന്നീട് അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതിയായി 2.85 കോടിയും പിടിക്കും. ഇതെല്ലാം കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത് 12,88,26,000 രൂപയാണ് (12.8 കോടി). രണ്ടാം സമ്മാനമായി ഒരു കോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നതില്‍ നിന്നും ഇതുപോലെ കിഴിവുകള്‍ പോകും. ഒരു കോടി രൂപയ്ക്ക് 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സര്‍ചാര്‍ജും ആദായ നികുതി വകുപ്പ് ഈടാക്കും. 1 കോടി മുതല്‍ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സര്‍ചാര്‍ജ്. നികുതിയും സര്‍ചാര്‍ജും അടങ്ങിയ തുകയ്ക്ക് മുകളില്‍ സെസും ഈടാക്കും. ഏജന്റിന്റെ 10 ശതമാനം ഏജന്‍സി കമ്മീഷനും കിഴിച്ച് 63 ലക്ഷം രൂപയാണ് ഒരു കോടി രൂപ നേടുന്ന ആള്‍ക്ക് ലഭിക്കുക.