ഓപ്പറേഷൻ സിന്ദൂരിൽ അഞ്ച് പാക് കൊടും ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഏഴിന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ആണ് ഭീകരർ കൊല്ലപ്പെട്ടത്. ഓപ്പറേഷൻ സിന്ദൂരിൽ 100 ഭീകരർ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്ത് വന്നിരുന്നു. അതിലെ അഞ്ച് ഭീകരരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 3 ജയ്ഷെ മുഹമ്മദ്, 2 ലക്ഷകർ ഇ തൊയിബ ഭീകരരെ വധിച്ചതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ രണ്ട് ബന്ധുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മുദസ്സർ ഖാദിയൻ ഖാസ് (ലഷ്‌കർ ഇ തോയ്‌ബ), ഹാഫിസ് മുഹമ്മദ് ജമീൽ (ജയ്ഷെ മുഹമ്മദ് ), മുഹമ്മദ് യുസഫ് അസർ (ജയ്ഷെ മുഹമ്മദ് ), ഖാലിദ് (ലഷ്‌കർ ഇ തോയ്‌ബ), മുഹമ്മദ് ഹസ്സൻ ഖാൻ (ലഷ്‌കർ ഇ തോയ്‌ബ) എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. ഇതിൽ ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യുസഫ് അസർ എന്നിവർ മസൂദ് അസറിന്റെ ബന്ധുക്കളാണ്.
അതേസമയം, പഞ്ചാബ് വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പ്രയോഗിച്ച അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ജനവാസകേന്ദ്രങ്ങളും വിദ്യാലയങ്ങളും ആരാധനനാലയങ്ങളുമടക്കം 26 കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടെന്നും അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യന്‍ വ്യോമ കേന്ദ്രങ്ങള്‍ തകര്‍ത്തതായുളള പാകിസ്ഥാന്‍റെ അവകാശവാദം പച്ചക്കളളമാണെന്നും വിക്രം മിസ്രി പറഞ്ഞു.
പഞ്ചാബിലെ ഫിറോസ്പൂര്‍, ജലന്തര്‍, ജമ്മുകശ്മീരിലെ രജോരി തുടങ്ങിയ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ രാത്രിയില്‍ പാക്കിസ്ഥാന്‍ ആക്രമങ്ങള്‍ നടത്തി. രജോരി അഡീഷണല്‍ ജില്ലാ വികസന ഓഫീസര്‍ രാജ്കുമാര്‍ താപ്പ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 1.40ന് പഞ്ചാബ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ അതിവേഗ മിസൈല്‍ പ്രയോഗിച്ചു. മിസൈലിനെ നിര്‍വീര്യമാക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.
സിര്‍സ, സുരാട്ട്ഗര്‍ഹ് തുടങ്ങിയ വ്യോമ താവളങ്ങള്‍ തകര്‍ത്തെന്നതാണ് പാകിസ്ഥാന്‍റെ അവകാശവാദം. പാക് അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സൈന്യം പുറത്ത് വിട്ടു. ഇന്ത്യ പരമാവധി സംയമനം പാലിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയിലെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരധനാലയങ്ങള്‍ അക്രമിക്കുകയാണെന്നും വിക്രം മിസ്രി പറഞ്ഞു.