ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഹൈദരാബാദിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. സംസ്ഥാനത്ത് അനധികൃതമായി രേഖകൾ ഇല്ലാതെ കുടിയേറിയ പാക്, ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിൽ എടുക്കാനും പൊലീസിന് നിർദേശം നൽകി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. പൊലീസ് ഉൾപ്പടെ അടിയന്തര സർവീസുകളിൽ ഉള്ളവരോട് ഉടൻ തിരിച്ച് എത്താനും മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കും. അതീവ ജാഗ്രതാ മേഖലകളിൽ നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചു.
ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു. പുലർച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയകരമായി ഒൻപത് ഭീകരവാദ പരിശീലന കേന്ദ്രങ്ങൾ തകർത്തു. കൃത്യമായ ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പഹൽഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ആക്രമണത്തിൻ്റെ ഉപഗ്രഹ ദൃശ്യങ്ങടക്കം കാട്ടിയാണ് കേണൽ ഇക്കാര്യം വിശദീകരിച്ചത്.