കട്ടപ്പന∙ മോഷണക്കേസിൽ പിടിയിലായ 2 യുവാക്കൾ ഇരട്ടക്കൊലപാതകം നടത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. പിടിയിലായ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്–31) കുറ്റം സമ്മതിച്ചു. വിജയനെയും നവജാതശിശുവിനെയും കൊന്നുവെന്ന് നിതീഷ് സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. യുവാക്കൾ ഒരുമിച്ച് താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടകവീട്ടിൽ ഇന്നുതന്നെ പൊലീസ് പരിശോധന നടത്തും. നിതീഷിന്റെ സുഹൃത്ത് നെല്ലാനിക്കൽ വിഷ്ണു വിജയൻ (27) ആണ് പിടിയിലായ മറ്റൊരാൾ.
വിഷ്ണുവിന്റെ പിതാവ് വിജയനെ ഏഴു മാസം മുൻപും സഹോദരിയുടെ നവജാതശിശുവിനെ എട്ടു വർഷം മുൻപും കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് സംശയം. ഇതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇവർ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വിഷ്ണുവിന്റെ പിതാവിന്റെ മൃതദേഹം ഇവിടെ മറവു ചെയ്തതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷ്ണു മുൻപു താമസിച്ചിരുന്ന കട്ടപ്പനയിലെ വീട്ടിലാണു നവജാതശിശുവിന്റെ മൃതദേഹമെന്നാണു സംശയം. തറ കുഴിച്ചു പരിശോധിച്ചാലേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂ. കക്കാട്ടുകടയിലെ വീട് രണ്ടു ദിവസമായി പൊലീസ് കാവലിലാണ്.
നിതീഷ് മന്ത്രവാദവും മറ്റും ചെയ്യാറുണ്ടെന്നും ആഭിചാരകർമങ്ങൾക്കു വേണ്ടിയാണോ കൊലപാതകങ്ങൾ എന്നും പൊലീസ് സംശയിക്കുന്നു. വാടകവീട്ടിൽ നിന്നു പൂജാവസ്തുക്കളും മറ്റും കണ്ടെത്തിയിട്ടുണ്ട്. മാർച്ച് രണ്ടിനു പുലർച്ചെ കട്ടപ്പനയിലെ വർക്ഷോപ്പിൽ മോഷണത്തിനു ശ്രമിക്കുമ്പോഴാണു വിഷ്ണു പിടിയിലായത്. ഈ സമയം പുറത്തു കാവൽ നിൽക്കുകയായിരുന്നു നിതീഷ്. മോഷണശ്രമം പുറത്തറിഞ്ഞപ്പോൾ കടന്നുകളയാൻ ശ്രമിച്ച വിഷ്ണു വീണു പരുക്കേറ്റ് ആശുപത്രിയിലാണ്. അറസ്റ്റിലായ നിതീഷിനെ റിമാൻഡ് ചെയ്തു പീരുമേട് ജയിലിലേക്കു മാറ്റി.