കണ്ണൂർ: ചെറിയൊരു ഇടവേളക്കുശേഷം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒറ്റദിവസം കൊണ്ട് രണ്ടുകോടിയുടെ സ്വർണമാണ് കണ്ണൂർ സിറ്റി പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്.
അബൂദബി, മസ്കത്ത്, ഷാർജ എന്നിവിടങ്ങളിൽനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച കാസർകോട് ഉദുമ സ്വദേശികളായ അബ്ദുറഹ്മാൻ (29), നിസാമുദ്ദീൻ കൊവ്വാൽ (44), കണ്ണൂർ മാനന്തേരി നൗഫൽ (46) എന്നിവരിൽനിന്നാണ് ഇത്രയും സ്വർണം പിടികൂടിയത്. വിമാനത്താവളത്തിലെ പരിശോധനക്കുശേഷം പുറത്തിറങ്ങിയ ഇവരെ സംശയംതോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ശരീരത്തിലും എമർജൻസി ലാമ്പിലും ഷൂസിന് ഒപ്പം ധരിച്ച സോക്സിലും ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണം. മൊത്തം 3392 ഗ്രാം സ്വർണമാണ് ഇവരിൽനിന്ന് ലഭിച്ചത്. ഏകദേശം 2,03,45,216 രൂപ മൂല്യമുണ്ട്.