കണ്ണൂരിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവും അമ്മയും കസ്റ്റഡിയിൽ

news image
Sep 19, 2022, 2:33 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും അമ്മയും കസ്റ്റഡിയിൽ. കരിവള്ളൂർ പൂക്കാനത്ത് സ്വദേശി സൂര്യയുടെ ഭർത്താവ് രാകേഷ്, രാകേഷിൻ്റെ അമ്മ ഇന്ദിര എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സെപ്തംബർ 3നാണ് 24 കാരിയായ സൂര്യയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭർതൃ വീട്ടിലെ കടുത്ത പീഡനത്തിൻ്റെ ഇരയായിരുന്നു സൂര്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

2021 ജനുവരി ഒൻപതിനാണ് സൂര്യയുടെയും കരിവെള്ളൂർ പൂക്കാനത്ത് രാഗേഷിൻ്റെയും വിവാഹം കഴിഞ്ഞത്. സൂര്യയ്ക്ക് 8 മാസം പ്രായമുള്ള മകനുണ്ട്. ഭർത്താവിന്‍റെയും അമ്മയുടെയും സമ്മതമില്ലാതെ സ്വന്തം വീട്ടിൽ പോകാനോ വീടിന് പുറത്തിറങ്ങാനോ സൂര്യയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്നാണ് സൂര്യയുടെ കുടുംബം ആരോപിക്കുന്നത്. രാഗേഷും അമ്മ ഇന്ദിരയും സൂര്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചു. പലപ്പോഴും ഭക്ഷണം പോലും കൊടുത്തില്ലെന്നും 8 മാസം പ്രായമുള്ള കുട്ടിയെ നോക്കിയില്ലെന്നുമാണ് പരാതി.

തന്‍റെ ഫോണിൽ എല്ലാ തെളിവുകളുമുണ്ടെന്ന് മരിക്കുന്നതിന് മുൻപ് സൂര്യ സഹോദരിക്കയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. സൂര്യ ആത്മഹത്യ ചെയ്ത ദിവസം വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രയാസമുള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആ ഫോണ്‍ വിളിക്ക് ശേഷം കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് സൂര്യയുടെ വീട്ടുകാര്‍ സംശയിക്കുന്നത്.

മകൾ പ്രയാസം അനുഭവിക്കുന്നത് അറിയാമായിരുന്നെങ്കിലും അവളോട് ഭർതൃ വീട്ടിൽ പിടിച്ച് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂര്യയുടെ അമ്മ പറയുന്നത്. സൂര്യയുടെ ഫോൺ ഭർതൃവീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെയാണ് രാകേഷിനെയും അമ്മയെയും കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe