കണ്ണൂരും കോഴിക്കോടും ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നടത്തും

news image
May 17, 2025, 8:22 am GMT+0000 payyolionline.in

തിരുവനന്തപുരം: മേയ്‌ 27 മുതൽ 30 വരെ കണ്ണൂരും കോഴിക്കോടും ക്യാമ്പ് സിറ്റിംഗ് നടത്തുമെന്ന് കേരള ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് വി. ഷെർസിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് മേയ്‌ 28 ബുധനാഴ്ച കണ്ണൂർ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും മേയ് 29 വ്യാഴാഴ്ച കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തും.

ഉപലോകായുക്ത ജസ്റ്റിസ് വി. ഷെർസി മേയ് 27 ന് കണ്ണൂർ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും മേയ് 30 വെള്ളിയാഴ്ച കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും സിംഗിൾ ബെഞ്ച് സിറ്റിംഗ് നടത്തും. മേയ് 26 മുതൽ 30 വരെ ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ തിരുവനന്തപുരത്ത് സിംഗിൾ ബെഞ്ച് സിറ്റിംഗ് നടത്തും.പുതിയ പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള സൗകര്യം ക്യാമ്പ് സിറ്റിംഗ് നടക്കുന്ന സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

വെക്കേഷൻ കഴിഞ്ഞു 2025 മേയ് 19 തിങ്കളാഴ്ച കോടതി തുറക്കും. കേരള ഹൈക്കോടതിയിലെ മുൻ ന്യായാധിപരായ ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് വി. ഷെർസി എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്നു 2025 മാർച്ച്‌ 20 മുതൽ ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് സിറ്റിംഗ് പുനരാരംഭിച്ചിട്ടുണ്ട്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപലോകാ യുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സിറ്റിങ്ങും ഉപലോകായുക്ത ജസ്റ്റിസ് ഷെർസി വി. സിംഗിൾ ബെഞ്ച് സിറ്റിങ്ങും ആണ് നടത്തുന്നത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപലോകായുക്ത ജസ്റ്റിസ് വി. ഷെർസി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സിറ്റിങ്ങും ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ സിംഗിൾ ബെഞ്ച് സിറ്റിങ്ങും നടത്തുന്നു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്കെതിരെയുള്ള പരാതികൾ ആണ് കേരള ലോകായുക്ത അന്വേഷിക്കുന്നത്.സർക്കാർ ഉദ്യോഗസ്ഥർ ഫയലുകളിൽ തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടും.

ലോകായുക്തയിൽ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. മാത്രമല്ല, ഫയലിങ്ങിനു കക്ഷികളെ സഹായിക്കുന്നതിനായി ഹെൽപ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തി. പരാതി ഫോം www.lokayuktakerala.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാവന്നതാണ്. പരാതികൾ നിയമസഭാസമുച്ചയത്തിലെ ലോകായുക്തയുടെ ഓഫീസിൽ നേരിട്ട് ഫയൽ ചെയ്യുകയോ, തപാൽ വഴി അയച്ചു നൽകുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 04712300362,2300495

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe