കണ്ണൂര്‍ സര്‍വകലാശാല മുൻ വിസി ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു

news image
Sep 13, 2022, 12:05 pm GMT+0000 payyolionline.in

പത്തനംതിട്ട∙ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മുൻ അസോസിയേഷൻ സെക്രട്ടറി ഡോ. അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു. കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്. പ്രമുഖ വിദ്യാഭ്യാസ ചിന്തകനും പ്രഭാഷകനുമായ ഡോ.അലക്സാണ്ടർ കാരയ്ക്കൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻവൈസ് ചൻസിലറായിരുന്നു. സംസ്‌കാരം പിന്നീട്.

1970ൽ ഡിസംബറിൽ കോട്ടയം എംഡി സെമിനാരിയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ മലങ്കര സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. അലക്സാണ്ടർ കാരയ്ക്കൽ നാല് പതിറ്റാണ്ട് തുടർച്ചയായി മാനേജിങ് കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പരിശുദ്ധ ഔഗേൻ ബാവാ മുതലുള്ള പിതാക്കന്മാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചു. മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറിയാകുന്നതിന് മുൻപ് തന്നെ സഭാ മാനേജിങ് കമ്മിറ്റി ഏൽപിച്ച സുപ്രധാന ചുമതലകളുടെ അമരക്കാരനായി പ്രവർത്തിച്ചു.

1972ൽ ചരിത്രം സൃഷ്ടിച്ച ഒരു വർഷം നീണ്ടുനിന്ന മാർത്തോമാശ്ളീഹായുടെ ചരമശതാബ്ദി കൺവീനർ, ക്രിസ്ത്യൻ പിന്തുടർച്ചാവകാശ-പസ്സാര കമ്മിഷൻ കൺവീനർ, 1975-80 കാലയളവിൽ സഭയുടെ ഫിനാൻസ് കമ്മിറ്റി കൺവീനർ എന്നീ ചുമതലകളും വഹിച്ചു. 1987ൽ നടന്ന മലങ്കര അസോസിയേഷൻ സമ്മേളനത്തിൽ വച്ച് പരിശുദ്ധ മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ ‘സഭാ വത്സലൻ’ ബഹുമതി നൽകി. 2002 മുതൽ 2007 വരെ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചു.

തിരുവല്ല മാർത്തോമാ കോളജ് യൂണിയൻ സ്‌പീക്കറായായി പൊതുജീവിതം തുടക്കം കുറിച്ച ഡോ. അലക്സാണ്ടർ കാരയ്ക്കൽ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും യുഎസിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലുമാണ് ഉപരിപഠനം നടത്തിയത്. ഫുൾബ്രൈറ്റ് സ്കോളർഷിപ്പോടു കൂടിയാണ് പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയത്. പ്രശസ്ത വാഗ്മിക്കുള്ള സചിവോത്തമ ഗോൾഡ് മെഡൽ, ചന്ദ്രശേഖരമെഡൽ, ടാഗോർ ശതാബ്ദി ഗോൾഡ് മെഡൽ, യുനെസ്കോ അവാർഡ്, ചരിത്രകാരനുള്ള യുഎസ് പുരസ്‌കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്. ഗ്രന്ഥകർത്താവ് കൂടിയായിരുന്നു. ബ്രസീലിൽ നടന്ന ഡബ്ല്യുസിസി സമ്മേളനത്തിൽ മലങ്കര സഭാ ഡെലിഗേഷനംഗമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe