കരാർ വാഹനത്തിലെ ജീവനക്കാർ പണം മോഷ്ടിച്ചതായി പരാതി; മിൽമ കൊല്ലം ഡയറിയിലെ കരാർ ജീവനക്കാർ സമരം തുടരുന്നു

news image
Oct 21, 2024, 4:56 pm GMT+0000 payyolionline.in

കൊല്ലം: ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും ഒരു വിഭാഗം കരാര്‍ ജീവനക്കാര്‍ കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളില്‍ പാല്‍ വിതരണം തടസപ്പെടുത്തിക്കൊണ്ട് നടത്തുന്ന സമരം ഏകപക്ഷീയമെന്ന് മില്‍മ കൊല്ലം ഡയറി അധികൃതര്‍. പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിതരണ വാഹന കരാറുകാരുമായി ജില്ലയെ പ്രതിനിധീകരിക്കുന്ന മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചിട്ടും പാല്‍വിതരണം തടസപ്പെടുത്തി സമരം തുടരുകയാണെന്നാണ് മിൽമ അധികൃതരുടെ ആരോപണം

ഡയറിയില്‍ അടയ്ക്കുന്നതിന് വിവിധ ഏജന്‍സികള്‍ കൊടുത്തുവിട്ട പാല്‍ ബുക്കിംഗ് തുകയായ 27,000 രൂപ കേരളപുരം റൂട്ടില്‍ പാല്‍ വിതരണം നടത്തുന്ന കരാര്‍ വാഹനത്തിലെ ജീവനക്കാര്‍ മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ മിൽമ അധികൃതര്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ബിഎംഎസ്, സിഐടിയു സംഘടനകളില്‍പ്പെട്ട കരാര്‍ വാഹന ജീവനക്കാര്‍ പാല്‍ വിതരണം തടസപ്പെടുത്തുകയും 75,000 ലിറ്ററോളം പാല്‍ വിതരണം ചെയ്യാന്‍ കഴിയാതെ വരികയും ചെയ്തതായാണ് മിൽമ അധികൃതർ ആരോപിക്കുന്നത്.മില്‍മ കൊല്ലം ഡയറി മാനേജരുടെ സാന്നിധ്യത്തില്‍ നടത്തിയ യോഗത്തിൽ ജീവനക്കാരുടെ യൂണിയനുകളുടെ ആവശ്യപ്രകാരം കുറവ് വന്ന തുക കരാറുകാരന്‍ അടയ്ക്കുന്ന പക്ഷം പരാതി പിന്‍വലിക്കാം എന്ന് അറിയിച്ചു. എന്നാല്‍ സമാനരീതിയില്‍ മുന്‍കാലങ്ങളില്‍ പാല്‍ മോഷണവും പണാപഹരണവും നടത്തിയതിനെ തുടര്‍ന്ന് പുറത്താക്കിയ മറ്റ് ജീവനക്കാരെ കൂടി ഇവര്‍ക്കൊപ്പം നിരുപാധികം തിരികെ എടുക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് മിൽമ അധികൃതർ പറയുന്നു. ഇത് ആവശ്യപ്പെട്ടാണ് സംഘടനകളിലെ ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതെന്ന് മില്‍മ കൊല്ലം ഡയറി അധികൃതര്‍ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe