മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അറസ്റ്റിനിടെ ഓടിരക്ഷപ്പെട്ട മൂന്ന് പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. സ്വർണം പൊട്ടിക്കലിൽ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതോടെ സിപിഐഎം വീണ്ടും പ്രതിരോധത്തിലായി. അതേസമയം, മഞ്ചേരി ആനക്കയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലും സ്വർണം പൊട്ടിക്കൽ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവത്തിലും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം പൊട്ടിക്കൽ സംഘം സജീവമായിരിക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വർധിപ്പിച്ച സാഹചര്യത്തിൽ ഗൾഫിൽ നിന്ന് സ്വർണം നാട്ടിലെത്തിക്കുക എന്നത് ലാഭകരമാണ്. ഇതാണ് സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ സംഘം സജീവമാകാൻ കാരണമായിരിക്കുന്നത്. കരിപ്പൂരിൽ അറസ്റ്റിലായ പതിമൂന്നിൽ ഒൻപത് പേർ കണ്ണൂർ സ്വദേശികളാണ്. അതിൽ ആറ് പേർ മുഴക്കുന്ന് സ്വദേശികളാണ്. ഇക്കൂട്ടത്തിലാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടുന്നത്. സംഘത്തെ പിടികൂടുന്ന സമയത്ത് വിമാനത്താവളത്തിന് പുറത്ത് കാറിൽ കുറച്ചുപേർ കാത്തുനിൽക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് വിവരം അറിഞ്ഞ് സംഘം കടന്നുകളഞ്ഞതായും ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
സൗദി അറേബ്യയിലുള്ള കണ്ണൂർ പടന്നോട്ട് സ്വദേശി അൻസാർ, പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി അലി അക്ബർ എന്നിവരുടെ നിർദ്ദശ പ്രകാരമാണ് സംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. സ്വർണം പൊട്ടിക്കലിന് ആസൂത്രണം നടത്തിയതിന്റെ വാട്സ്ആപ്പ് ചാറ്റുകൾ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ചയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതേ ദിവസം തന്നെയാണ് വിമാനത്താവളത്തിൽ എത്തിയ മഞ്ചേരി മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിന്റെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
