കരൂർ റാലി ദുരന്തം: ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ല, വീഴ്ചകൾ കാണിച്ച് ഇന്റലിജൻസ് റിപ്പോർട്ട്‌

news image
Sep 29, 2025, 2:02 am GMT+0000 payyolionline.in

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ വീഴ്ചകൾ അക്കമിട്ട് ഇന്റലിജൻസ് റിപ്പോർട്ട്‌. സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിയന്തര സാഹചര്യം നേരിടാൻ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ല. പതിനായിരം പേർക്കാണ് അനുമതി തേടിയതെങ്കിലും ടിവികെ റാലികളുടെ സ്വഭാ​വം പരി​ഗണിച്ചുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയതായും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

വേലുചാമി പുരത്ത് മാത്രം 45,000 ഓളം പേർ ഉണ്ടായിരുന്നു. ഫ്ലൈ ഓവർ പരിസരത്ത് 15,000ത്തിലധികം ആളുകളാണ് വിജയ്ക്കായി കാത്തു നിന്നത്. വിജയ് എത്തിയതോടെ ഇവരും ഒപ്പം നീങ്ങി. ഈ ആളുകളെ ഉൾക്കൊള്ളാൻ വേലുചാമിപുരത്തിന് കഴിയുമായിരുന്നില്ല. ആൾക്കൂട്ടം ഉണ്ടായാൽ നിയന്ത്രിക്കുന്നതിനുമായി ബദൽ പ്ലാനുകളും ഉണ്ടായിരുന്നില്ല. ആളുകളെ നിയന്ത്രിക്കുന്നതിൽ ടിവികെ ക്രമീകരണം മതിയാകാതെ വരികയായിരുന്നു. തിക്കും തിരക്കും ഉണ്ടായപ്പോൾ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ഏകോപനം പാളുകയായിരുന്നു. മുന്നറിയിപ്പ് നൽകാനും ആവശ്യമായ സംവിധാനം ഇല്ലാതെയായി. ടിവികെ നേതാക്കൾക്ക് വന്ന ആൾക്കാരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പൊലീസിനും നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരികയായിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇന്റലിജൻസ് റിപ്പോർട്ട്ിൽ പറയുന്നു.

കരൂർ ദുരന്തത്തിൽ മരണം 40 ആയി

വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ദുരന്തം നടന്ന ദിവസം ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് ഇന്നലെ മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe