ബംഗളുരു: 15 വയസുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കര്‍ണാടകയിലെ തുമകുരു താലൂക്കില്‍ ഉള്‍പ്പെട്ടെ ചിക്കതോട്ടലുകെരെയിലായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭീമശങ്കറാണ് കുഴഞ്ഞുവീണ് മരിച്ചത്.
സ്കൂള്‍ സ്‍പോര്‍ട്‍സ് ടീമിന്റെ ഭാഗമായിരുന്ന വിദ്യാര്‍ത്ഥി 4 x 100 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മത്സരം പൂര്‍ത്തിയായി മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടി കുഴഞ്ഞുവീണത്. 12 അംഗ ടീമാണ് ഭീമശങ്കറിന്റെ സ്കൂളില്‍ നിന്ന് കായിക മേളയ്ക്ക് എത്തിയിരുന്നത്. വൈകുന്നേരം 5.45ഓടെ പൂര്‍ത്തിയായ റിലേ മത്സരത്തില്‍ ഭീമശങ്കറിന്റെ ടീമിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ആറ് മണിയോടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ശ്രീദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചെങ്കിലും അവിടെയെത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
റിലോ മത്സരത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായതില്‍ വിദ്യാര്‍ത്ഥിക്ക് വിഷമമുണ്ടായിരുന്നുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മത്സര ശേഷം ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാനായി വിദ്യാര്‍ത്ഥികളോട് ബാഗുമെടുത്ത് ബസില്‍ കയറാന്‍ അധ്യാപകര്‍ പറഞ്ഞിരുന്നു. ഇതിന് തയ്യാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണതും പിന്നാലെ മരണം സംഭവിച്ചതും. അന്വേഷണം ആവശ്യപ്പെട്ട് ഭീമശങ്കറിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു