കലോത്സവത്തിന് എത്തിയ പെൺ‌കുട്ടികളെ ശല്യപ്പെടുത്തി; കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങ് കൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ചു

news image
Nov 28, 2025, 4:55 pm GMT+0000 payyolionline.in

പത്തനംതിട്ട :  കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്താൻ ശ്രമിച്ചതിനു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ ആകേഷ് (26) നെയാണ് പ്രതിയായ അജു (20) കൈവിലങ്ങ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചത്. ആക്രമാസക്തനായ പ്രതിയെയും പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ അർജുൻ എന്നയാളെയും മെഡിക്കൽ പരിശോധനയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം ഉണ്ടായത്.ജീപ്പിൽ ഡ്രൈവർ സീറ്റിനു പിന്നിലിരുന്ന ആകേഷിനെ അജു ധരിച്ചിരുന്ന കൈവിലങ്ങ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തലയുടെ മധ്യഭാഗത്ത് പരുക്കേറ്റ ആകേഷ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന പത്തനംതിട്ട റവന്യൂ ജില്ലാകലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനു സ്കൂൾ പ്രിൻസിപ്പലിന്റെ പരാതി പ്രകാരമാണ് അജുവിനെ കസ്റ്റഡിയിലെടുത്തത്ആറന്മുള പൊലീസ് റജിസ്റ്റർ ചെയ്തിട്ടുളള നിരവധി മോഷണക്കേസുകളിൽ വിചാരണ നേരിടുന്നയാളാണ് അജു. പെട്രോൾ പമ്പ് ജീവനക്കാരനെ പമ്പിലെത്തി ദേഹോപദ്രവമേൽപ്പിച്ചതിനു ചെങ്ങന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെയും പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe