ചെങ്ങമനാട്: അംഗൻവാടിയിൽനിന്ന് മാനസിക വിഭ്രാന്തിയുള്ള അമ്മയോടൊപ്പം പോയശേഷം കാണാതായ നാലുവയസ്സുകാരിയെ കണ്ടെത്താൻ നാടെങ്ങും ഊർജിത തിരച്ചിൽ.
ആലുവ മൂഴിക്കുളം പാലത്തിൽ പരിശോധന നടത്തുകയാണ്. മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. മാതാവിന്റെ മൊഴിയിലെ വൈരുധ്യമാണ് പൊലീസിനെ കുഴക്കുന്നത്. ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ ആദ്യം പൊലീസിനു മൊഴി നൽകിയത്. എന്നാൽ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പിന്നീട് മൊഴി മാറ്റി. കോലഞ്ചേരി സ്വദേശിയായ ഷാജിയുടെ മകൾ കല്യാണിയെ തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് കോലഞ്ചേരിയിലെ അംഗൻവാടിയിൽനിന്ന് അമ്മ കുറുമശ്ശേരി സ്വദേശി അല്ലി കൂട്ടിക്കൊണ്ട് പോയതാണ്.
കോലഞ്ചേരിയിൽനിന്ന് ഓട്ടോയിൽ അല്ലിയും കുട്ടിയും തിരുവാങ്കുളത്തെത്തി. അവിടെനിന്ന് സ്വകാര്യ ബസിൽ ആലുവ വരെ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കാണാതായെന്നാണ് പരാതി. അല്ലി ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടിൽ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. അപ്പോഴാണ് ഷാജിയുടെ വീട്ടുകാരും സംഭവം അറിയുന്നത്. ഷാജി ഉടൻ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കുട്ടിക്കായി വീട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന അല്ലി പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. കുട്ടിയെക്കുറിച്ച് ഒന്നും പറയുന്നില്ല. കുട്ടിയെക്കുറിച്ച് ചെങ്ങമനാട് പൊലീസും അല്ലിയോട് മണിക്കൂറോളം ചോദിച്ചിട്ടും വ്യക്തമായ വിവരം വെളിപ്പെടുത്തിയിട്ടില്ല.
കാണാതാകുമ്പോൾ നീല ജീൻസ് പാന്റ്സും പിങ്ക് നിറത്തിലുള്ള ടീഷർട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. കോലഞ്ചേരിയിലെ അംഗൻവാടിയിൽനിന്ന് കുട്ടിയുമായി അല്ലി കുറുമശ്ശേരിയിലെ വീട്ടിലെത്തുന്നത് വരെയുള്ള സി.സി ടി.വി ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.