കല്ലാച്ചി സംസ്ഥാന പാതയിലെ മരം മുറി: കേസെടുക്കാൻ വൈകിയതിൽ പ്രതിഷേധം

news image
May 19, 2025, 8:31 am GMT+0000 payyolionline.in

നാദാപുരം∙ കല്ലാച്ചി സംസ്ഥാനപാതയിൽ പിഡബ്ല്യുഡി വക സ്ഥലത്തെ പൂമരം മുറിച്ചു മാറ്റിയതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഓവർസിയർ നൽകിയ പരാതിയിൽ കേസെടുത്തപ്പോൾ മോഷണം നടന്ന തീയതി 15ന് പകരം 17 എന്നു രേഖപ്പെടുത്തിയത് ക്ലെറിക്കൽ മിസ്റ്റേക്ക് എന്ന് പൊലീസ്. ഓവർസീയർ ഇ.പി.ശരണ്യ നൽകിയ മൊഴി പൊലീസ് രേഖപ്പെടുത്തിയത് 15നു പുലർച്ചെ മോഷണം നടന്നതായാണ്. മൊഴിയുടെ പൂർണ രൂപം മലയാള മനോരമയ്ക്ക് ലഭിച്ചു.

15നു നടന്ന മരം മുറി സംബന്ധിച്ച് 16നു പടം സഹിതം മലയാള മനോരമ വാർ‌ത്ത നൽകിയിരുന്നു. 16നും കേസെടുത്തില്ലെന്ന കാര്യം 17നു റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതിനു പിന്നാലെയാണ് ഓവർസീയർ സ്റ്റേഷനിലെത്തി മൊഴി നൽകുന്നത്.15നു പുലർച്ചെ പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് മരം മുറി ആദ്യം കണ്ടത്. പൊലീസിനെ കണ്ട ഉടൻ മരം മുറി സംഘം ഓടിപ്പോയി. വിവരം പൊലീസിൽ നിന്നും മറ്റും പിഡബ്ല്യുഡി അധികൃതർ അറി‍ഞ്ഞതോടെ നാദാപുരം പൊലീസിന് ഇ മെയിൽ വഴി പരാതി  അയച്ചു. ഈ പരാതിയിൽ കേസെട‌ുക്കാൻ കഴിയില്ലെന്നും വിശദ വിവരങ്ങൾ വേണമെന്നുമായി പൊലീസ്.

ഇതനുസരിച്ചാണ് ഓവർ‌സിയർ 17നു പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുന്നത്. മരം മുറി നടന്നത് 15ന് ആണെന്ന് ഈ മൊഴിയിൽ വ്യക്തമായുണ്ട്. 17ന് ആണു നേരിട്ടെത്തി മൊഴി നൽകുന്നത്. 15നു മരം മുറി പൊലീസ് നേരിട്ട് കണ്ട പൊലീസ് സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുമ്പോൾ 17 ആയതാണ് ക്ലെറിക്കൽ മിസ്റ്റേക്കായി പൊലീസ് പറയുന്നത്. സംഭവം നടന്ന തീയതി തന്നെ എഫ്ഐആറിൽ മാറിയതിനാൽ, പ്രതികൾക്കു കോടതിയിൽ നിന്നു രക്ഷപ്പെടാൻ കഴിയുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe