പട്ന: മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസുകാരൻ. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. തുടർന്ന് ഗോവിന്ദ എന്ന ഒരു വയസുകാരൻ പാമ്പിനെ കടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലാവുകയും.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു. പാമ്പ് തൽക്ഷണം ചത്തു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാവും കുട്ടി പാമ്പിനടുത്ത് എത്തിയതെന്നാണ് നിഗമനം.
ശബ്ദം കേൾക്കാതെ വന്നതോടെ വീട്ടുകാർ നോക്കിയപ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. ഉടനെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെത്തിച്ചു. ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
കുട്ടിക്ക് വിഷബാധയുടെ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ജെഎംസിഎച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു.