ശ്രീനഗർ ∙ കശ്മീരിലെ ബാരമുള്ളയിൽ 2 ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് ബാരാമുള്ളയിലെ വാനിഗാം ഗ്രാമത്തിലെ ക്രീരി മേഖലയിൽ വ്യാഴാഴ്ച രാവിലെ സേന തിരച്ചിൽ നടത്തി. ഇതിനിടയിൽ ഭീകരർ വെടിവച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ഭീകരസംഘടനയായ ലഷ്കറെ തയിബയിൽ ചേർന്ന പ്രദേശവാസികളാണെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച കുപ്വാരയിലെ നിയന്ത്രണരേഖയിലുള്ള മാച്ചിൽ സെക്ടറിൽ വച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ച 2 പാക്ക് ഭീകരരെ സേന വധിച്ചിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. വരുന്ന ആഴ്ച ഭീകരർ ആക്രമണം നടത്താനിടയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സൈന്യം ജാഗ്രതയിലാണ്.
അതിനിടെ, അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സൈനികർക്കു നേരെ ഭീകരർ വെടിയുതിർത്തു, പൊലീസുകാരനു പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് ആക്രമണം നടന്നത്.