കാട്ടാക്കടയിൽ നവജാതശിശുവിന്റെ മരണം കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് അമ്മയുടെ മൊഴി

news image
Apr 7, 2026, 7:24 am GMT+0000 payyolionline.in

തിരുവനന്തപുരം കാട്ടാക്കടയിൽ നവജാതശിശു മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ ഷംന (21) ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഷംന പോലീസ് നിരീക്ഷണത്തിലാണ്.

​കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് വയറുവേദനയാണെന്ന് പറഞ്ഞ് ഭർത്താവിനൊപ്പം ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
​പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഒന്നരവയസ്സുള്ള മൂത്ത കുട്ടിയെ നോക്കുന്നതിനിടയിൽ രണ്ടാമതൊരു കുഞ്ഞിനെ കൂടി വളർത്താനുള്ള പ്രയാസമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി മൊഴി നൽകി. അതേസമയം, ഭാര്യ ഗർഭിണിയായിരുന്നു എന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് ഭർത്താവ് പോലീസിന് നൽകിയ മൊഴി. ഇതിൽ വ്യക്തത വരുത്താൻ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe