തൊട്ടിൽപ്പാലം: കാട്ടാനയുടെ മുന്നിലകപ്പെട്ട യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രക്ഷപ്പെടാൻ റോഡിൽനിന്ന് താഴ്ചയിലേക്കുചാടിയ യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. പൂതമ്പാറ ചൂരണിയിലെ നരിവേലിൽ ഷിബുവാണ് കാട്ടാനയിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം െവളുപ്പിന്ന് ആറേകാലോടെയാണ് സംഭവം.
വീട്ടിൽനിന്ന് വയനാട്ടിൽ ജോലിക്കുപോകാനിറങ്ങിയതായിരുന്നു ഷിബു. നടക്കുന്നതിനിടയിൽ കാട്ടാനയുടെ മുൻപിലകപ്പെടുകയായിരുന്നു. ചിന്നംവിളിച്ചെത്തിയ ആനയിൽനിന്ന് രക്ഷപ്പെടാൻ റോഡിലെ സുരക്ഷാ കൽക്കെട്ടിൽനിന്ന് ഷിബു താഴ്ചയിലേക്കുചാടുകയായിരുന്നു. 400 മീറ്ററോളം താഴ്ചയിലേക്കുപതിച്ച് കൈകാലുകൾക്ക് സാരമായ പരിക്കേറ്റ യുവാവ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഒരാഴ്ച മുൻപും ഈഭാഗത്ത് കാട്ടാനയിറങ്ങിയിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ അന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കുറ്റ്യാടിയിൽനിന്ന് വനപാലകരും ആആർടി സംഘവുമെത്തി ആനയെ കാട്ടിലേക്കുതുരത്തി.