കാട്ടാന ആക്രമണം പരിശോധിക്കാൻ എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന

news image
Jun 1, 2026, 6:19 am GMT+0000 payyolionline.in

തൃശൂർ: കാട്ടാന ആക്രമണം പരിശോധിക്കാൻ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന. ഞായറാഴ്ച രാത്രി വാഴച്ചാൽ അടുത്ത് ചാർപ്പയിലായിരുന്നു സംഭവം നടന്നത്. വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാർപ്പയിൽ കാട്ടാന നിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആനയെ തുരത്തിയ ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്.

അതിനിടെ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു. ഇന്ന് രാവിലെയാണ് മന്ത്രിയും സംഘവും മോഹനന്റെ വീട്ടിൽ എത്തിയത്. ഒരു മണിക്കൂറോളം കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതികൾ മന്ത്രി കേട്ടു. പൂർണമായും ജനവാസകേന്ദ്രത്തിലാണ് ആനയെത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്ത് ആനയുടെ സ്ഥിരം സാന്നിധ്യമുണ്ടെന്നും തെർമൽ ഇമേജിങ് ഡ്രോൺ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

സോളാർ ഫെൻസിങ് ഇടാത്തത് എവിടെയൊക്കെയാണ് എന്ന കാര്യം പരിശോധിക്കും. മൂന്നുതല പ്രതിരോധമാണ് ലക്ഷ്യംവെയ്ക്കുന്നത്. ഡ്രോൺ, സോളാർ, ട്രഞ്ച് നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആനയെ റീ ലൊക്കേറ്റ് ചെയ്യാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ആനകളുടെ ആക്രമണം ഉണ്ടായത്. ഉദ്യോഗസ്ഥരുടെ അഭാവം രൂക്ഷമാണ്. 15 കിലോമീറ്റർ പരിധിയിൽ 25 ഉദ്യോഗസ്ഥരേ ഉള്ളൂ. അഞ്ചിന് 100 ദിന പരിപാടി പ്രഖ്യാപിക്കുമ്പോൾ സോളാർ വോൾട്ടേജ് അറിയിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിരപ്പിള്ളി വൈശേരിയിൽ മെയ് മുപ്പതിനായിരുന്നു കാട്ടാന ആക്രമണത്തിൽ മോഹനൻ കൊല്ലപ്പെട്ടത്. വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മുന്നിൽപ്പെടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe