കാവിലുംപാറയിൽ ജലസംഭരണി എന്നുവരും…

news image
Mar 7, 2026, 4:24 am GMT+0000 payyolionline.in

കുറ്റ്യാടി : ആകെയുള്ള 108 കിലോമീറ്ററിൽ 71 കിലോമീറ്റർ റോഡ് കുഴിച്ച് പൈപ്പിട്ടു. വീടുകളിൽ ടാപ്പുകൾ സ്ഥാപിച്ചു. പക്ഷേ, ടാങ്ക്നിർമാണം കടലാസിൽത്തന്നെ. കാവിലുംപാറയിലെ ജൽജീവൻ പദ്ധതിയുടെ സ്ഥിതിയാണിത്. ടാങ്ക് നിർമിക്കാതെ വെള്ളംകിട്ടില്ല. ടാങ്ക് എപ്പോൾ നിർമിക്കുമെന്നതിൽ വ്യക്തതയുമില്ല. ടാങ്ക് നിർമിക്കാനായി ഓടങ്കാട് എന്ന സ്ഥലത്ത് പഞ്ചായത്ത് സ്ഥലംവാങ്ങി നൽകിയിട്ട് വർഷങ്ങളായി.

പെരുവണ്ണാമൂഴിയിൽനിന്ന് മരുതോങ്കര പഞ്ചായത്തിലെ ചെക്കുറ മലയിൽ സ്ഥാപിക്കുന്ന ടാങ്കിലേക്ക് വെള്ളമെത്തിച്ച്, അവിടെനിന്ന് കാവിലുംപാറ പഞ്ചായത്തിലെ ഓടങ്കാടിലെ ടാങ്കിലെത്തിച്ചശേഷം വീടുകളിലേക്ക് വിതരണംചെയ്യാനായിരുന്നു പദ്ധതി. എന്നാൽ, പെരുവണ്ണാമൂഴിയിൽനിന്ന് വെള്ളമെത്തിക്കാനുള്ള പൈപ്പിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. കൂടാതെ, മരുതോങ്കര പഞ്ചായത്തിലെ ചെക്കുറ മലയിലെ ടാങ്കും സ്ഥാപിച്ചിട്ടില്ല. ഇത് രണ്ടും പൂർത്തിയായാൽ മാത്രമേ കാവിലുംപാറ പഞ്ചായത്തിൽ കുടിവെള്ളം ലഭ്യമാവൂ.

ഓടങ്കാടിലും ചെക്കുറയിലും ടാങ്ക് നിർമിക്കാൻ രണ്ടുതവണ ജലഅതോറിറ്റി ടെൻഡർ നൽകിയിട്ടും ആരും കരാറെടുത്തിട്ടില്ല. ടാങ്കിന്റെ നിർമാണം നീളുന്നതോടെ കുടിനീരിനായി കാവിലുംപാറ നിവാസികൾക്ക് ഇനിയും കാത്തിരിക്കണം. ആകെ 1570 കണക്‌ഷനാണ് കാവിലുംപാറയിൽ നൽകേണ്ടത്. ഇതിൽ കണക്‌ഷൻ നൽകിയത് ഏഴുപേർക്ക് മാത്രം. ഇനി കൊടുക്കാനുള്ളതാകട്ടെ 1563 കുടുംബങ്ങൾക്ക്.

38 കോടിരൂപയ്ക്കാണ് പഞ്ചായത്തിലെ ജൽജീവൻ പ്രവൃത്തി കരാർ നൽകിയത്. ഇതിൽ പെപ്പിടൽ ഇനി 37 കിലോമീറ്ററിൽ ബാക്കിയുണ്ട്. പി.ഡബ്ല്യു.ഡിയുടെ അനുമതി കിട്ടേണ്ട റോഡാണിത്. അതുകൊണ്ടുതന്നെ പ്രവൃത്തി നിർത്തിയ നിലയിലാണ്. പെപ്പിടാൻവേണ്ടി കുഴിച്ച റോഡുകളുടെ പണി നടന്നുവരുന്നുണ്ട്.

റോഡാകെ ദുരിതം…

പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണി പുനരാരംഭിച്ചിട്ടുണ്ട്. പക്ഷേ, പ്രവൃത്തിക്ക് വേഗമില്ലെന്നാണ് ആക്ഷേപം. കരാറുകാർക്ക് ഫണ്ട് കിട്ടാത്തതും പ്രശ്നമാണ്. മൂന്നാംകൈ-ആയുർവേദഹോസ്പിറ്റൽ റോഡ്, വളയംകോട് റോഡ്, തൊട്ടിൽപ്പാലം-ഓടങ്കാട് റോഡ്, മൂന്നാംകൈ-കൂടൽ അങ്കണവാടി ബെപ്പാസ്, തൊട്ടിൽപ്പാലം-ഓടങ്കാട് അങ്കണവാടി റോഡ്, കാവിലുംപാറ വില്ലേജ് ഓഫീസ്-കല്ലുംപുറം ലക്ഷംവീട് റോഡ്, ആശ്വാസ് വട്ടക്കൈറോഡ്, ചീത്തപ്പാട് -പൊയിൽകോളനി റോഡ്, അമ്മ്യാർച്ചാൽ-എടത്തുംവേലിക്കകത്ത് റോഡ്, തെക്കേലക്കണ്ടി റോഡ്, ചെറിയ ഇല്ലത്തുതാഴെ-ബാലവാടി റോഡ് എന്നിവയെല്ലാം പൊളിച്ചിട്ടുണ്ട്.

കാവിലുംപാറ വില്ലേജ് ഓഫീസ്-കല്ലുംപുറം ലക്ഷംവീട് റോഡിന്റെ ഇരുഭാഗവും വെട്ടിപ്പൊളിച്ചിട്ട് കാലം കുറെയായെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ നടുഭാഗത്തും കുഴിയെടുത്തതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്.

മഴക്കാലത്ത് ദുരിതം ഇരട്ടിക്കും. ഇവിടെയും പഞ്ചായത്തിലും വ്യവസ്ഥ ലംഘിച്ച് റോഡിന്റെ പുനരുദ്ധാരണം നടക്കുന്നുണ്ട്. ടാർ ചെയ്ത റോഡ് വെട്ടിപ്പൊളിച്ചിട്ട് അവിടെ കോൺക്രീറ്റാണ് ചെയ്യുന്നത്. തെക്കേലക്കണ്ടി ടാർ റോഡ് വെട്ടിപ്പൊളിച്ചിട്ട് ടാർചെയ്യാതെ കോൺക്രീറ്റ് ചെയ്ത നിലയിലാണ്. അതും ഒരു മഴയത്ത് ഓലിച്ചുപോകുന്ന വിധത്തിൽ. താഴെ-ബാലവാടി റോഡിന്റെ മധ്യം നെടുകെ കീറിയ അവസ്ഥയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe