പയ്യോളി: രോഗങ്ങൾ മൂലം വീടുകളുടെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടേണ്ടി വന്നവർക്ക് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ഒരു പകൽ സമ്മാനിച്ച് പയ്യോളി ശാന്തി പാലിയേറ്റീവിന്റെ ‘സ്നേഹയാത്ര’. ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ്, മാനസികാരോഗ്യ പരിചരണം, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിൽ പരിചരണം തേടുന്നവരെയും അവരുടെ കൂട്ടിരിപ്പുകാരെയും ഉൾപ്പെടുത്തി കരിയാത്തുംപാറയിലേക്കാണ് വിനോദയാത്ര സംഘടിപ്പിച്ചത്. അൻപതോളം പേരാണ് ഈ സ്നേഹയാത്രയുടെ ഭാഗമായത്. ഇതിൽ ഏഴുപേരെ വീൽച്ചെയറിലും മറ്റു ചിലരെ വാക്കറിലും സ്ട്രെച്ചറിലുമായാണ് കരിയാത്തുംപാറയിൽ എത്തിച്ചത്. പ്രകൃതിരമണീയമായ അന്തരീക്ഷത്തിലേക്ക് എത്തിയതോടെ ശാരീരിക പരിമിതികളെല്ലാം മറന്ന് ആടിയും പാടിയും ഇവർ യാത്ര അവിസ്മരണീയമാക്കി. കയ്യാടത്ത് രവീന്ദ്രൻ, ഹംസ കാട്ടുകണ്ടി, രാജൻ ചേലക്കൽ, സജീഷ് കരിങ്ങാറ്റിയിൽ, ചന്ദ്രൻ ചെട്ട്യാങ്കണ്ടി, ശശിധരൻ മാണിക്കോത്ത്, എം.സി. നൗഷാദ്, ശ്രീജിത്ത്, സജിന, നസീമ സാബിറ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
കിടപ്പുരോഗികൾക്ക് ഒരു പകലിന്റെ ആനന്ദം സമ്മാനിച്ച് ‘ശാന്തി’യുടെ സ്നേഹയാത്ര
Nov 26, 2026, 4:52 am GMT+0000
payyolionline.in
