രക്ഷാപ്രവർത്തനത്തിനിടെ ദാരുണാപകടം; കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം 3 മരണം

news image
Oct 13, 2025, 2:00 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന

 

80 അടി താഴ്ചയുള്ള കിണറായിരുന്നു. പുലര്‍ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയർഫോഴ്സിന് അപകട വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ കോള്‍ വരുന്നത്. ഫയർഫോഴ്സ് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു. അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്.

അപകട സമയത്ത് കിണറ്റിന്‍റെ അരികില്‍ നില്‍ക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. ശിവകൃഷ്ണനും അർച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നും താമസമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവർ തമ്മിലുള്ള തർക്കമാണ് യുവതി കിണറ്റിലേക്ക് ചാടാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് മധ്യലഹരിയിലായിരുന്നു ശിവകൃഷ്ണൻ എന്നാണ് വിവരം. ശിവകൃഷ്ണൻ കൈവരിയിൽ ചാരിയപ്പോൾ കൈവരി പെട്ടന്ന് ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ഫയർഫോഴ്സ് ഓഫീസർ പ്രതികരിച്ചു. കൈവരിയുടെ ബലക്കുറവാണ് അപകടത്തിന് കാരണമെന്നും ഫയർഫോഴ്സ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe