ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ മുമ്പാകെ കീഴടങ്ങിയ ആറ് മാവോവാദികൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കണ്ടെത്താൻ കർണാടക പൊലീസ് വനാന്തരങ്ങളിൽ തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ മാവോവാദി പ്രവർത്തകർ കീഴടങ്ങുമ്പോൾ ആയുധങ്ങൾ കൈമാറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര അറിയിച്ചു.
കീഴടങ്ങിയ സംഘത്തിൽനിന്ന് പുറത്താക്കപ്പെട്ട ഒരു മാവോവാദി ഇപ്പോഴും ഒളിവിലാണെന്നും അയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, സംസ്ഥാനത്ത് നിലവിൽ നക്സൽ പ്രവർത്തനങ്ങളിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ആരെയും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ വസതിയായ ‘കൃഷ്ണ’യിലെത്തിയാണ് മാവോവാദികൾ കീഴടങ്ങിയത്. വയനാട് മക്കിമല സ്വദേശിനി ടി.എൻ. ജീഷ, തമിഴ്നാട് സ്വദേശി വസന്ത്, ചിക്കമഗളൂരു ശൃംഗേരി മുന്ദഗാരു സ്വദേശിനി മുണ്ടുഗാരു ലത, കാലസ ബലഹോളെ സ്വദേശിനി വനജാക്ഷി, ദക്ഷിണ കന്നട ബെൽത്തങ്ങാടി കുത്തലൂർ സ്വദേശിനി സുന്ദരി, കർണാടക റായ്ച്ചൂർ സ്വദേശി മാരേപ്പ അരോടി എന്ന ജയണ്ണ എന്നിവരാണ് സായുധ പോരട്ടം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തിയത്. ഇവരുടെ യൂനിഫോം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ചിക്കമഗളൂരു വനത്തിൽനിന്ന് പുറത്തെത്തി വാഹനങ്ങളിൽ ബംഗളൂരുവിലേക്ക് തിരിച്ച ഇവർ ആയുധങ്ങൾ വനത്തിലോ മറ്റോ ഉപേക്ഷിച്ചതായാണ് ആഭ്യന്തര വകുപ്പിന്റെ നിഗമനം. ആയുധങ്ങൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും അവ കാട്ടിൽ എവിടെയാണ് നിക്ഷേപിച്ചതെന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാവോവാദികളുടെ പുനരധിവാസത്തിനാണ് ആയുധങ്ങൾ വീണ്ടെടുക്കുന്നതിനേക്കാൾ സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രതിപക്ഷമായ ബി.ജെ.പി ആരോപണമുന്നയിച്ചിരുന്നു.
‘‘അവർ ഇത്തരം വാദങ്ങൾ ഉന്നയിക്കട്ടെ. സർക്കാർ തങ്ങളുടെ ജോലി ചെയ്യും. ആയുധങ്ങൾ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് മാവോവാദികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. അതിന് നടപടിക്രമങ്ങളുണ്ട്, അവ പാലിക്കപ്പെടേണ്ടതുണ്ട്’’ -ആഭ്യന്തര മന്ത്രി പറഞ്ഞു.
മറ്റൊരു മാവോവാദിയായ രവീന്ദ്ര എന്ന രവി ഇപ്പോഴും ഒളിവിലാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു. ഞങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച്, കീഴടങ്ങിയ സംഘം രവീന്ദ്രയെ പുറത്താക്കിയിരുന്നു. പക്ഷേ, എന്തുകാരണത്താലാണ് അയാളെ പുറത്താക്കിയതെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
രവീന്ദ്രയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അയാൾ ചിക്കമഗളൂരു മേഖലയിലാണെന്നാണ് കരുതുന്നത്. കീഴടങ്ങിയ മാവോവാദികൾ കർണാടകയിലെ അവസാനത്തെ സജീവ മാവോവാദികളാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആരെങ്കിലും വന്നാൽ, അത് സൂക്ഷ്മമായി നിരീക്ഷിക്കും. ഒഡിഷയിൽനിന്നോ കേരളത്തിൽ നിന്നോ വ്യക്തികൾ വരാൻ സാധ്യതയുണ്ട്, ഞങ്ങൾ ജാഗ്രത പാലിക്കും. നക്സലിസത്തെ നിരുത്സാഹപ്പെടുത്താൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട് -അദ്ദേഹം വ്യക്തമാക്കി.
2024 നവംബർ 18ന് ഉഡുപ്പി ജില്ലയിലെ ഹെബ്രിയിലെ പീതബൈലു ഗ്രാമത്തിൽ നക്സൽ വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് സംഘത്തിലെ മറ്റംഗങ്ങൾ കീഴടങ്ങാൻ സന്നദ്ധരാവുന്നത്. കീഴടങ്ങിയ ആറ് മാവോവാദികളെ 2024ലെ കർണാടക നക്സൽ സറണ്ടർ പോളിസിയിലെ ‘എ’, ‘ബി’ കാറ്റഗറി പ്രകാരം പുനരധിവസിപ്പിക്കാനാണ് തീരുമാനം.
എ കാറ്റഗറിയിൽ ഉൾപ്പെട്ട മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവർക്ക് ഏഴര ലക്ഷവും കാറ്റഗറി ബിയിൽ ഉൾപ്പെട്ട വയനാട് സ്വദേശിനി ജിഷ, ജിഷയുടെ ഭർത്താവും തമിഴ്നാട് സ്വദേശിയുമായ വസന്ത് കുമാർ എന്നിവർക്ക് നാലു ലക്ഷവും വീതമാണ് പുനരധിവാസത്തിന് സാമ്പത്തിക സഹായം നൽകുക.
ഈ തുക വിവിധ ഘട്ടങ്ങളായി കൈമാറും. ആദ്യ ഘട്ടത്തിൽ മൂന്നു ലക്ഷം രൂപ വീതം നൽകും. ബാക്കി തുക രണ്ടു ഘട്ടങ്ങളിലായി നൽകും. കീഴടങ്ങിയ മാവോവാദി പ്രവർത്തകരെ ബംഗളൂരുവിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.