കുംഭമേളക്കിടെ 30 പേർ മരിച്ചത് ‘അത്ര വലിയ സംഭവമല്ലെ’ന്ന് ഹേമ മാലിനി; വിമർശനവുമായി കോൺഗ്രസ്

news image
Feb 4, 2025, 10:42 am GMT+0000 payyolionline.in

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ നിസാരവൽക്കരിച്ച് ബി.ജെ.പി എം.പി ഹേമ മാലിനി രംഗത്ത്. ജനുവരി 29ന് നടന്നത് ‘അത്ര വലിയ സംഭവമൊന്നുമല്ല’ എന്നാണ് എം.പിയുടെ പരാമർശം. ഉത്തർപ്രദേശ് സർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും പ്രതിപക്ഷം അപകടത്തെ പെരുപ്പിച്ച് കാണിക്കുകയാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ വിമർശിച്ച അഖിലേഷ് യാദവിന് മറുപടിയായാണ് ഹേമ മാലിനിയുടെ പരാമർശം.

“വ്യാജപ്രചാരണം നടത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പണി. കുംഭമേളക്ക് ഞങ്ങൾ പോയിരുന്നു. സ്നാനം നടത്തി. അവിടെ എല്ലാ ഒരുക്കങ്ങളും വളരെ നല്ലരീതിയിൽ നടത്തിയിട്ടുണ്ട്. അവിടെ തിക്കിലും തിരക്കിലും ആളുകൾ മരിച്ചെന്നത് ശരിയാണ്, പക്ഷേ അതൊരു വലിയ സംഭവമല്ല. ഒരുപാടുപേർ അവിടെ വരുന്നുണ്ട്. ആളുകളെ നിയന്ത്രിക്കാൻ അത്ര എളുപ്പമല്ല. എന്നാൽ ഏറ്റവും മികച്ച രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്” -ഹേമ മാലിനി പറഞ്ഞു.

ഹേമ മാലിനിയുടെ പരാമർശം അപമാനകരമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. “ബി.ജെ.പി സർക്കാറിന്റെ കഴിവുകേട് കാരണം കുംഭമേളയിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. അങ്ങേയറ്റം ദുഃഖകരമായ സംഭവം ‘അത്ര വലുതല്ല’ എന്നാണ് ബി.ജെ.പി എം.പി ഹേമ മാലിനി പറയുന്നത്. അങ്ങേറ്റം മോശപ്പെട്ട പ്രസ്താവനയാണിത്. സംഭവം നടന്ന അന്ന് മുതൽ എല്ലാം മൂടിവെക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിച്ചത്. എത്രപേർക്ക് ജീവൻ നഷ്ടമായെന്ന് ഇപ്പോഴും വ്യക്തമല്ല. മരിച്ചവരുടെ ബന്ധുക്കൾക്ക് പോലും വിവരം കൈമാറാൻ സർക്കാർ തയാറായിട്ടില്ല” -കോൺഗ്രസ് എക്സിൽ പോസ്റ്റ് ചെയ്തു.

ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്യാനായി ലക്ഷക്കണക്കിന് ഭക്തർ ഒന്നിച്ച് നീങ്ങിയതോടെയാണ് ദുരന്തം സംഭവിച്ചത്. ഒട്ടേറെപേരെ കാണാതായി. പുലർച്ചെ ഒന്നിനും രണ്ടിനുമിടയ്‌ക്കായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബത്തിന് യു.പി സർക്കാർ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. എന്നാൽ യഥാർഥ കണക്കുകൾ പുറത്തുവിടാൻ സർക്കാർ തയാറാകുന്നില്ലെന്നാണ് പ്രധാന വിമർശനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe