കുടിയൊഴിപ്പിക്കലിനെതിരെ 17 കുടുംബങ്ങൾ ഹൈക്കോടതിയിൽ, പുനരധിവാസത്തിന് പരിഗണന ലഭിച്ചിട്ടില്ലെന്നും ആക്ഷേപം

news image
Apr 12, 2026, 8:36 am GMT+0000 payyolionline.in

കൊച്ചി: തേവര കോന്തുരുത്തി പുഴ പുറമ്പോക്കിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെ 17 കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. 50 വർഷത്തിലേറെയായി താമസിക്കുന്ന തങ്ങളുടെ വീടുകളിൽ നിന്നാണ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്നും, തങ്ങളുടെ വാദം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചിലെത്തിയെങ്കിലും വിഷയത്തിൽ കോടതിയലക്ഷ്യ ഹർജി പരിഗണനയിലുണ്ടെന്ന് കോർപറേഷൻ അറിയിച്ചതിനെ തുടർന്ന്, കേസ് തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് മാറ്റി. ആകെ 126 കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അധികൃതരും പ്രാദേശിക രാഷ്ട്രീയക്കാരും തെറ്റിദ്ധരിപ്പിച്ചുവെന്നാരോപണവും ഹർജിയിലുണ്ട്.

ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോന്തുരുത്തി പുഴ പുറമ്പോക്കിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്ന നടപടികൾ ആരംഭിച്ചത്. അധികൃതരും പ്രാദേശിക നേതാക്കളും നൽകിയ ഉറപ്പുകൾ വിശ്വസിച്ചതാണ് തിരിച്ചടിയായതെന്നും ഹർജിക്കാർ പറയുന്നു. കേസിൽ കക്ഷിചേരാൻ ഒപ്പുവെച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും അവർ വ്യക്തമാക്കുന്നു. പ്രദേശത്ത് താമസിക്കാത്ത ഒരാൾ നൽകിയ ഹർജിയിലാണ് ഒഴിപ്പിക്കാനുള്ള കോടതി വിധി ഉണ്ടായതെന്നും, തങ്ങളുടെ ദുരിതം അറിയാത്ത വ്യക്തിയുടെ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നുമാണ് ഇവരുടെ വിശദീകരണം. പബ്ലിക് ഹിയറിംഗ് പോലും നടത്താതെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതെന്നും അവർ ആരോപിക്കുന്നു.

വീടുകൾ പൊളിക്കുമെന്ന പ്രചാരണം കൗൺസിലർമാർ ഉൾപ്പെടെ നടത്തുന്നതായും, പകരം പുനരധിവാസ സംവിധാനം വേണമെന്ന ആവശ്യത്തിന് പരിഗണന ലഭിച്ചിട്ടില്ലെന്നും പുനരധിവാസ ആവശ്യം ഉപേക്ഷിച്ച് നഷ്ടപരിഹാരം വാങ്ങാൻ സമ്മതിച്ചെന്ന രീതിയിൽ കാര്യങ്ങൾ ചിത്രീകരിക്കുന്നതായും ഹർജിക്കാർ ആരോപിക്കുന്നു. പുറമ്പോക്ക് കയ്യേറ്റം തിട്ടപ്പെടുത്താൻ ശാസ്ത്രീയ സർവെ പോലും നടത്തിയിട്ടില്ലെന്നും, അനധികൃതമായി ഭൂമി കൈവശംവച്ചിരിക്കുന്ന പലർക്കും തുടരാൻ അനുമതി നൽകുമ്പോൾ തങ്ങളെ മാത്രം ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രായമായവരും രോഗികളുമായ താമസക്കാർ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ ആശങ്കയിലാണ്. പുറമ്പോക്ക് കണ്ടെത്തുന്നതിനായി സർവെ നടത്തണം, പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അഡ്വ. എം. ഉമാദേവി, അഡ്വ. സതീഷ് മൂർത്തി എന്നിവരിലൂടെ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe