കുന്ദമംഗലം UDF സ്ഥാനാർത്ഥി എം എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കാരാട്ട് റസാഖ്

news image
Mar 22, 2026, 1:32 pm GMT+0000 payyolionline.in

കോഴിക്കോട്: കുന്ദമംഗലം യുഡിഎഫ് സ്ഥാനാർഥി എം എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കൺവൻഷനിലെത്തി മുൻ എംഎൽഎ കാരാട്ട് റസാഖ്. കാരാട്ട് റസാഖിനെ റസാഖ് മാസ്റ്റർ ഷാൾ അണിയിച്ച് സ്വീകരിച്ചു. പത്ത് വർഷവും 19 ദിവസവുമായി മുസ്‌ലിം ലീഗ് വിട്ടിട്ടെന്നും നരകത്തിൽ നിന്ന് സ്വർഗത്തിലെത്തിയ പോലെയുണ്ടെന്നും കാരാട്ട് റസാഖ് പറഞ്ഞു.

‘കുന്ദമംഗലം സ്വർഗമാക്കി മാറ്റണം. എം എ റസാഖ് മാസ്റ്ററെ വിജയിപ്പിക്കണം. എതിർ സ്ഥാനാർഥി എന്റെ നാട്ടുകാരനും അയൽക്കാരനുമാണ്. ഒറ്റുകാരനാണ് പി ടി എ റഹീം. 2021ൽ എന്നെയും ഒറ്റുകാരൻ തോൽപ്പിച്ചു. കൊടുവളളിയിലെ റോഡ് വികസനത്തിന് 55 ലക്ഷം കിഫ്ബിയിൽ നിന്ന് ഞാൻ അനുവദിച്ചു. എന്നാൽ കുടുംബക്കാരുടെ സ്ഥലം പോകാതിരിക്കാൻ മുഹമ്മദ് റിയാസുമായി ചേർന്ന് റഹീം അത് തടഞ്ഞു’, കാരാട്ട് റസാഖ് പറഞ്ഞു.

2016ൽ എം എ റസാഖ് മാസ്റ്റർക്കെതിരെ മത്സരിച്ചതിൽ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016ലെ തെരഞ്ഞെടുപ്പിൽ കൊടുവളളിയിൽ എം എ റസാഖ് മാസ്റ്ററെ പരാജയപ്പെടുത്തിയാണ് ഇടത് സ്വതന്ത്രനായി കാരാട്ട് റസാഖ് വിജയിച്ചത്. ഇന്നാണ് കാരാട്ട് റസാഖ് മുസ്‌ലിം ലീഗിൽ വീണ്ടും അംഗത്വമെടുത്തത്.

പാണക്കാടെത്തിയാണ് റസാഖ് അംഗത്വമെടുത്തത്. 2016-21ൽ കൊടുവളളി എംഎൽഎയായിരുന്നു. 2021-ൽ എം കെ മുനീറിനോട് പരാജയപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. എന്നാൽ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മത്സരിച്ച റസാഖിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പിൽ 573 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe