കുമളി: ഇടുക്കി കുമളിയിൽ സ്വകാര്യ തേയിലത്തോട്ടത്തിൽ നിന്നിരുന്ന 23 ചന്ദന മരങ്ങൾ മോഷണം പോയി. പരാതി ലഭിച്ചതോടെ വനം വകുപ്പ് അന്വേഷണം തുടങ്ങി. വാളാർഡി നെല്ലിമല എസ്റ്റേറ്റിൽ നിന്നാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പലപ്പോഴായി ചന്ദന മരങ്ങൾ മോഷ്ടിക്കപ്പെട്ടത്. വണ്ണം കുറഞ്ഞ മരങ്ങളാണ് മുറിച്ചു കടത്തിയത്. എസ്റ്റേറ്റിൽ അപൂര്‍വ്വമായാണ് ചന്ദനമരങ്ങളുണ്ടായിരുന്നത്. എസ്റ്റേറ്റിന്റെ അതിർത്തിയോടു ചേർന്ന് കാടുകയറിയ പ്രദേശത്താണ് ചന്ദന മരങ്ങൾ നിന്നിരുന്നത്. അതിനാൽ മരങ്ങൾ മോഷ്ടിക്കപ്പെട്ടിരുന്നത് ആരുടെയും ശ്രദ്ധയിൽ വന്നില്ല. ഇടുക്കി ഫ്ലൈയിങ് സ്ക്വാഡ് ഡി എഫ് ഒ എസ്.സന്ദീപിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്നെന്ന് സ്ഥിരീകരിച്ചത്. മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.