കുന്നമംഗലം: കുരിക്കത്തൂരിൽ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ട് യുവാക്കൾ മരിച്ചു. രാമനാട്ടുകര മഠത്തിൽപറമ്പിൽ രാഹുൽ (26), മുണ്ടിക്കൽതാഴം പുതിയോട്ടുമേത്തൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലുണ്ടായിരുന്ന വിഷ്ണു, ഭാര്യ സിനി, സുഹൃത്ത് ഹിജിത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി പത്തുമണിയോടെ കുരിക്കത്തൂർ പടിഞ്ഞാറെ കുറുമയിൽ ബേബി സതീഷിന്റെ ഉടമസ്ഥതയിലുള്ള ഓടിട്ട ഇരുനില വീട്ടിലായിരുന്നു സ്ഫോടനം. വിഷുവിപണി ലക്ഷ്യമിട്ട് വീടിന്റെ അടുക്കളഭാഗത്ത് പടക്കം നിർമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. മരിച്ചവരുടെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. ഒരു കിലോമീറ്റർ ദൂരത്തോളം സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.
നാല് മാസം മുമ്പാണ് വിഷ്ണുവും കുടുംബവും ഈ വീട് വാടകയ്ക്കെടുത്തത്. പലഹാര നിർമ്മാണത്തിനെന്ന പേരിലാണ് വീട് എടുത്തതെങ്കിലും രഹസ്യമായി പടക്കനിർമ്മാണം നടത്തിവരികയായിരുന്നു. രാത്രികാലങ്ങളിലായിരുന്നു നിർമ്മാണം. സ്ഫോടനത്തിന് പിന്നാലെ അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ്, എ.ഡി.ജി.പി മഹിപാൽ യാദവ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തകർന്ന വീട്ടിൽ നിന്ന് വൻതോതിൽ പടക്കങ്ങളും സ്ഫോടകവസ്തുക്കളും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
