പാലക്കാട്: കുഴൽമന്ദത്ത് കെ എസ് ആര്‍ ടി സി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ ഔസേപ്പിന് എതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് ബസ് ഡ്രൈവറുടെ പേരിൽ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതോടെ കമ്മീഷൻ അംഗം കെ ബൈജുനാഥ് കേസ് തീർപ്പാക്കി. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2022 ഫെബ്രുവരി 7 ന് രാത്രിയായിരുന്നു സംഭവം.
പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവര്‍ കൊല്ലപ്പെടുകയായിരുന്നു. ആദ്യ ഘട്ടത്തിൽ റോഡപകടം എന്ന നിലയിലായിരുന്നു പൊലീസ് ഇതിനെ കണ്ടത്. പിന്നീട് അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് കെ എസ് ആർ ടി സി ബസ് ഡ്രൈവർ മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കിയതാണെന്ന് വ്യക്തമായത്.
ഒരു കാറിന്‍റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിലെ കെ എസ് ആർ ടി സി ബസിന്‍റെ പങ്ക് വ്യക്തമായത്. റോഡിന്‍റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നാലെ കെ എസ് ആർ ടി സി ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സി എൽ ഔസേപ്പിനെ സസ്പെന്‍റ് ചെയ്തിരുന്നു.
കേസിൽ അന്വേഷണ സംഘം കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഡ്രൈവർ മനപ്പൂര്‍വ്വം അപകടമുണ്ടാക്കിയെന്നാണ് പറയുന്നത്. ഡ്രൈവർ ഔസേപ്പ് മനപ്പൂര്‍വ്വം അപകടമുണ്ടാക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. റോഡിൻ്റെ ഇടതുവശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചു. ഇതാണ് അപകട കാരണം. ഡ്രൈവർ കുറച്ചു കൂടി ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ രണ്ടു യുവാക്കളുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.