കൂത്താളി: കാലപ്പഴക്കം മൂലം സ്ലാബ് പൊട്ടിവീണ് അപകടമുണ്ടായ കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഫാത്തിമ തഹ്ലിയ എം.എൽ.എ സന്ദർശിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതരുമായി നടത്തിയ യോഗത്തിൽ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് എം.എൽ.എ ഉറപ്പ് നൽകി.
അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ ദയനീയ അവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും വികസന രംഗത്ത് നേരിടുന്ന പ്രതിസന്ധികളും ഫണ്ടിന്റെ അപര്യാപ്തതയും പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ മേഖലയിൽ ഉൾപ്പെടെ അടിയന്തരമായി നടപ്പിലാക്കേണ്ട ആവശ്യങ്ങളെക്കുറിച്ച് മെഡിക്കൽ ഡിസ്പെൻസറി ചീഫ് ഓഫീസർ ഡോ. വിക്രം യോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ.ടി. സത്യൻ, പി.കെ. ശ്രീധരൻ, ഷീബ പ്രഭാകരൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ രാജൻ കെ. പുതിയേടത്ത്, ഇ. അമ്മദ്, സെക്രട്ടറി കെ. മനോജ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള, ഷീബ മുണ്ടോട്ടിൽ, എ.സി. ബിജു, എൻ.എം. മണി, റയ്ഹാനത്ത്, ധന്യ രമേശ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
