കൃത്രിമ മഴ പെയ്യിക്കാൻ കേന്ദ്രത്തിന്‍റെ അനുമതി തേടി ഡൽഹി സർക്കാർ

news image
Nov 19, 2024, 12:00 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹിയിലെ മലിനീകരണ തോത് ഭയാനകമാംവിധം ഉയർന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കാൻ അടിയന്തര യോഗം വിളിക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ചൊവ്വാഴ്ച കേന്ദ്രത്തോട് അഭ്യർഥിച്ചു. വിഷയത്തിൽ ഇടപെടേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാർമിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അടിയന്തര യോഗം വിളിക്കണമെന്ന ഡൽഹി സർക്കാറി​ന്‍റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകളോട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് വീണ്ടും കത്തെഴുതുമെന്നും റായ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുകമഞ്ഞ് കുറക്കുന്നതിനുള്ള നടപടികൾ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ വിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്. പരിഗണനയിലുള്ള പരിഹാരങ്ങളിലൊന്ന് കൃത്രിമ മഴയാണ്. ഇതുവഴി മലിനീകരണം കുറക്കാനും വായു ശുദ്ധീകരിക്കാനും കഴിയും -റായ് പറഞ്ഞു. കേന്ദ്ര സർക്കാറിന് നടപടിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ അവരുടെ പരിസ്ഥിതി മന്ത്രി രാജിവെക്കണ​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ ഇടപെടാൻ മോദിയോട് ആവശ്യപ്പെട്ട റായ്, പ്രവർത്തിക്കേണ്ടത് അദ്ദേഹത്തിനെറ ധാർമിക ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. കേന്ദ്ര സർക്കാറിനൊപ്പം പ്രവർത്തിക്കാൻ ഡൽഹി സർക്കാർ തയ്യാറാണ്. പക്ഷേ, കൃത്രിമ മഴയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ ഐ.ഐ.ടി കാൺപൂരിലെ വിദഗ്ധരെ ഉൾപ്പെടുത്തി കേന്ദ്രം യോഗം വിളിക്കണം. ഇതിന് വിവിധ കേന്ദ്ര വകുപ്പുകളുടെ അനുമതിയും സഹകരണവും ആവശ്യമാണ്.

ഡൽഹി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രേപ്) സ്റ്റേജ് 4 നിയന്ത്രണങ്ങൾക്ക് കീഴിലാണ്. വാഹന-വ്യാവസായിക മലിനീകരണം കുറക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും ഡൽഹി സർക്കാർ സ്വീകരിക്കുന്നുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സ്വകാര്യ വാഹനങ്ങൾക്കും ട്രക്കുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയിൽ ഉടനീളം ‘ഗ്രേപ്’ നടപ്പാക്കണമെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ ചട്ടങ്ങൾ ലംഘിക്കുകയാണെന്നും റായ് പറഞ്ഞു. മലിനീകരണം നിലനിൽക്കുകയാണെങ്കിൽ ഗ്രേപ് 4 പ്രാബല്യത്തിൽ തുടരും. തങ്ങൾ ഇളവ് നൽകില്ലെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe