തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ആദ്യം ഓർഡിനറി ബസുകളിൽ മാത്രം. ഈ മാസം 15-ന് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമാകും. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണും കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ പരീക്ഷണ ഓട്ടം നടത്തും. വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയിൽ തീരുമാനമുണ്ടാകും.
തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സർക്കാർ ആദ്യം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്.
സ്ത്രീകൾക്ക് സൗജന്യയാത്ര 15ാം തീയതി മുതൽ തന്നെ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. ഏതൊക്കെ ബസുകളിൽ ആയിരിക്കുമെന്നത് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കും. സൗജന്യയാത്ര കെഎസ്ആർടിസിക്ക് ബാധ്യതയാകില്ലെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയിൽ പ്രതിദിനം 23 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ഇതിൽ പകുതിയോളം സ്ത്രീകളാണ്. യുഡിഎഫ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാൻ പല രീതിയിൽ ആലോചനകൾ നടന്നിരുന്നു. സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡി നൽകുക എന്നതായിരുന്നു ആദ്യത്തേത്. സ്ത്രീകളുടെ ടിക്കറ്റ് തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. ബജറ്റിൽ ഇതിനായി പ്രത്യേകം തുക വകയിരുത്തണം. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി യാത്രക്കാരായ സ്ത്രീകളുടെ കണക്കെടുപ്പും തുടങ്ങിയിരുന്നു.
