കെഎസ്ആർടിസി ജീവനക്കാർക്ക് പെരുമാറ്റ ക്ലാസ്

news image
Sep 22, 2022, 6:09 am GMT+0000 payyolionline.in

തിരുവനന്തപുരം: ജീവനക്കാരെ നല്ല പെരുമാറ്റം പഠിപ്പിക്കാൻ കെഎസ്ആർടിസി ഒരു കോടി രൂപയുടെ പരിശീലന പരിപാടി തയാറാക്കി. യാത്രക്കാരുമായി ഇടപെടുന്ന മുൻനിര ജീവനക്കാരിൽ 10,000 പേരെയാണ് ആദ്യഘട്ടത്തിൽ പരിശീലിപ്പിക്കുന്നത്. ജില്ലാ തലത്തിൽ മാനേജ്മെന്റ് ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ബിഹേവിയറൽ ചെയ്ഞ്ച് ക്ലാസ് നടപ്പാക്കും. വിവിധ പരിശീലനത്തിന് ഒരുകോടി രൂപ മാറ്റിവച്ചു.

 

ആദ്യമായി കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ എച്ച്ആർ വിഭാഗം രൂപീകരിക്കുന്നത്. അതിനു ശേഷം മാനേജ്മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിരുന്നു. കാട്ടാക്കടയിൽ കൺസഷൻ പുതുക്കാനെത്തിയ മകളെയും അച്ഛനെയും കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ജീവനക്കാർക്കു കൂടി പരിശീലനം നൽകാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ഉപഭോക്താവാണ് പ്രധാനിയെന്നും അവരെ സേവിക്കുന്നതാണ് പ്രധാനമെന്നുള്ള മഹാത്മാഗാന്ധിയുടെ വചനങ്ങൾ എല്ലാ ഡിപ്പോയിലും ഗാന്ധിജയന്തി ദിനം മുതൽ പ്രദർശിപ്പിക്കും. ബസിന്റെ വിവരങ്ങൾ തേടി വരുന്നവരോടു പോലും പ്രകോപനമില്ലാതെ ജീവനക്കാർ മോശമായി പ്രതികരിക്കുന്നതായി പരാതികളുണ്ട്. സ്ഥാപനത്തിന്റെ നിലനിൽപിനും നല്ല പെരുമാറ്റം ആവശ്യമാണെന്നാണു മാനേജ്മെന്റ് വിലയിരുത്തൽ.

പ്രകോപനപരമായി യാത്രക്കാർ സംസാരിച്ചാലോ കയ്യേറ്റത്തിനു ശ്രമിച്ചാലോ ആവശ്യമെങ്കിൽ ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നൽകണം. പകരം യാത്രക്കാരോട് മോശമായി പെരുമാറരുതെന്ന കർശന നിർദേശമാണ് നൽകിയിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe