പത്തനംതിട്ട: കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് 38 അംഗ സംഘം വന മേഖലയിൽ കുടുങ്ങിയത്. ബസ് കേടായ വിവരം രാവിലെ 11 മണിക്ക് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറിൽ വനത്തിൽ കുടുങ്ങിയത്. കുട്ടികള്‍ ഉള്‍പ്പടെ ഉള്ളവര്‍ യാത്ര സംഘത്തിലുണ്ട്. കേടായ ബസിന് പകരം രണ്ടാമത് എത്തിയ ബസും തകരാറിലായെന്നും യാത്രക്കാരന്‍ പറഞ്ഞു.
യാത്രക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്ന് കെഎസ്ആർടിസി പത്തനംതിട്ട കൺട്രോളിങ് ഇൻസ്പെക്ടർ രാജീവ് എം ജി പറഞ്ഞു. ബസ് തകരാറിലായ വിവരം കിട്ടിയപ്പോൾ തന്നെ 12.10 ന് പകരം ബസ് അയച്ചിരുന്നു. മെക്കാനിക് ഉൾപ്പെടെയാണ് പോയിരിക്കുന്നത്. തകരാർ പരിഹരിക്കും. രണ്ടാമത് അയച്ച ബസിന് തകരാർ സംഭവിച്ച കാര്യം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.