തിരുവനന്തപുരം: കെ.എം ഷാജിയുടെ നിലമ്പൂരിലെ പൊതുയോഗം നേതൃത്വം മുടക്കിയെന്ന് ആരോപണം. നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരിപാടി ഇന്ന് തീരുമാനിച്ചിരുന്നത്. നിലമ്പൂർ മണ്ഡലം ലീഗ് കമ്മിറ്റിയാണ് സമ്മേളനം തീരുമാനിച്ചത്. നേതൃത്വം ഇടപെട്ട് അനുമതി നിഷേധിച്ചതോടെ മണ്ഡലം കമ്മിറ്റി പിൻവാങ്ങി. നടപടിയിൽ നേതൃത്വത്തിനെതിരെ സൈബർ ഗ്രൂപ്പുകളിൽ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
പരിപാടി റദ്ദാക്കിയത് ഇടതുപക്ഷമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമെന്നാണ് വിമർശനമുയരുന്നത്. പരിപാടി തടഞ്ഞത് പ്രമുഖ നേതാവെന്നും ആരോപണമുയരുന്നുണ്ട്. എന്നാൽ ആരോപണം നിഷേധിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. നടക്കുന്നത് വ്യാജ പ്രചാരണമെന്ന് ലീഗ് നിലമ്പൂർ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. പോസ്റ്ററുകൾ വ്യാജമെന്നും പരിപാടി പ്രഖ്യാപിച്ചിട്ടില്ലന്നും വിശദീകരണം.