കേന്ദ്ര സർക്കാരിന്‍റെ യു ടേൺ! എതിർപ്പ് കനത്തതോടെ ഉത്തരവ് പിൻവലിച്ചു, സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല

news image
Dec 3, 2025, 2:57 pm GMT+0000 payyolionline.in

ദില്ലി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേണ്‍ എടുത്ത് കേന്ദ്ര സർക്കാര്‍. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ച് ഉത്തരവ് പിൻവലിക്കുന്നുവെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. എന്നാല്‍, മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ലോകത്തൊരിടത്തും ഇത്തരം നിർദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്‍റെ നിലപാട്. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

കടുത്ത് എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ നേരത്തെ തന്നെ കേന്ദ്ര സർക്കാര്‍ നിലപാട് മയപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് വിവാദങ്ങൾക്ക് പിന്നാലെ കേന്ദ്രം വ്യക്തമാക്കി. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുമെന്ന ആശങ്കകൾക്കിടയിൽ, ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ ഭയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പറയുകയും സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.

ആപ്പ് വഴി രഹസ്യമായി വിവരങ്ങൾ ചോർത്താനോ കോൾ നിരീക്ഷിക്കാനോ യാതൊരു സാധ്യതയുമില്ലെന്ന് സിന്ധ്യ ഉറപ്പിച്ചു പറഞ്ഞു. “ഈ ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് ഇത് ഡിലീറ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്യാം. ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. നിങ്ങൾ ഇത് രജിസ്റ്റർ ചെയ്താൽ ഇത് സജീവമായി തുടരും. രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പ്രവർത്തനരഹിതമായിരിക്കും.” എന്നാണ് മന്ത്രി വിശദീകരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe