കണ്ണൂര്‍: കേരളം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സിപിഐ നേതാവ് സി ദിവാകരന്. പാര്‍ട്ടിയോട് അദ്ദേഹത്തിന് അന്ധമായ വിധേയത്വമുണ്ടെന്നും മുഖത്തുനോക്കി താങ്കള്‍ ചെയ്യുന്നത് തെറ്റാണ്, ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അക്ഷരംപ്രതി അനുസരിക്കുന്ന കമ്മ്യൂണിസ്റ്റുകാരനാണ് പിണറായി വിജയനെന്നും സി ദിവാകരന് പറഞ്ഞു. പിണറായി വിജയന് ഇത്തവണ മത്സരിക്കാന്‍ പാടില്ലായിരുന്നെന്നും ഇങ്ങനൊരു അപകടമുണ്ടാകുമെന്ന് അദ്ദേഹത്തെ ആരും ധരിപ്പിച്ചില്ലെന്നും സി ദിവാകരന് പറഞ്ഞു. ‘പിണറായി വിജയന് പകരം ഒരാളെ കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. എല്ലാ കാലവും ഒരാള്‍ ജീവിച്ചിരിക്കുമോ? വഴിതെറ്റി ആര്‍ക്കും നിയന്ത്രിക്കാനാകാത്ത ഒരു സംഘത്തില്‍ പിണറായി വിജയന് പെട്ടു’ സി ദിവാകരന് പറഞ്ഞു.
‘രാഷ്ട്രീയ പ്രവര്‍ത്തനം നടക്കാതെ പോയ 10 കൊല്ലമാണ് ഈ ഭരണകാലം. ഭരണം ഭരണത്തിന്റെ വഴിയേ പോയി. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വഴിയേ പോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ നേതൃത്വത്തിന്റെ കാര്യത്തില്‍ പരാജയപ്പെട്ടു. പാര്‍ട്ടിയോട് പിണറായി വിജയന് അന്ധമായ വിധേയത്വമാണ്. തന്റെ പാര്‍ട്ടി മാത്രമാണ് ശരി, പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യുമെന്ന അഹങ്കാരം എവിടെയോ വച്ച് അദ്ദേഹത്തെ പിടികൂടി. അത് പാടില്ലായിരുന്നു. ഗ്രൗണ്ട് റിയാലിറ്റിയില്‍ നിന്ന് അകലെയായിരുന്നു പിണറായി വിജയന്. അദ്ദേഹത്തിന്റെ ആവശ്യമില്ലാത്ത പ്രസ്താവനകളും ചില കേന്ദ്രങ്ങളുമായുളള ബന്ധങ്ങളും മതന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലവാരം താഴെപ്പോയി’ എന്നാണ് സി ദിവാകരന് പറഞ്ഞത്.
ധര്‍മ്മടം മണ്ഡലത്തില്‍ 19,247 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഇത്തവണ പിണറായി വിജയന് ജയിച്ചത്. 84,504 വോട്ടുകളാണ് പിണറായി നേടിയത്. 66,067 വോട്ടുകള്‍ നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. വി പി അബ്ദുള്‍ റഷീദ് രണ്ടാം സ്ഥാനത്തെത്തി. വോട്ടെണ്ണല്‍ ആരംഭിച്ച് അഞ്ച് റൗണ്ട് അവസാനിക്കുമ്പോഴും പിണറായി വിജയന് പിന്നിലായിരുന്നു. ആറാം റൗണ്ട് അവസാനിക്കുമ്പോഴാണ് അദ്ദേഹം ആദ്യമായി ലീഡെടുത്തത്. പിന്നെ പതുക്കെ ലീഡ് ഉയര്‍ത്തുകയായിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. കോണ്‍ഗ്രസ്-63, മുസ്ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് വിജയിച്ചത്.
എല്‍ഡിഎഫിന്റെ 13 മന്ത്രിമാണ് പരാജയപ്പെട്ടത്. പി രാജീവ്, എം ബി രാജേഷ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്, ആര് ബിന്ദു, വീണാ ജോര്‍ജ്, ഒ ആര് കേളു, കെ ബി ഗണേഷ്കുമാര്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്, വി അബ്ദുറഹിമാന്, റോഷി അഗസ്റ്റിന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പരാജയപ്പെട്ടത്. പിണറായി വിജയന്, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്, മുഹമ്മദ് റിയാസ്, കെ രാജന്, ജി ആര് അനില്‍, പി പ്രസാദ് എന്നിവര്‍ മാത്രമാണ് മന്ത്രിമാരില്‍ വിജയിച്ചത്. ആറ് റൗണ്ടുകളില്‍ ധര്‍മ്മടത്ത് പിണറായി വിജയന് പിന്നിലായത് കനത്ത തിരിച്ചടിയാണ്. അതേസമയം അഞ്ച് ജില്ലകള്‍ സമ്പൂര്‍ണമായും യുഡിഎഫ് വിജയിച്ചു. മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ യുഡിഎഫ് തൂത്തുവാരി.
