കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

news image
Nov 26, 2025, 5:10 am GMT+0000 payyolionline.in

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.

മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്‌കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്‌കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

സംസ്ഥാനത്തിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് സൂപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നൂറ് ശതമാനംസാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. എന്തിനാണ് പുതിയ സ്‌കൂളിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്‌കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe