കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ വേണ്ടത് ഒരു മിനിറ്റ് മാത്രം -മന്ത്രി പി. രാജീവ്

news image
Sep 21, 2024, 6:05 am GMT+0000 payyolionline.in

ബംഗളൂരു: കേരളത്തിൽ ഒരു എം.എസ്.എം.ഇ സംരംഭം തുടങ്ങാൻ വെറും ഒരു മിനിറ്റിന്റെ നടപടിക്രമങ്ങൾ മാത്രമേയുള്ളൂവെന്ന് കേരള വ്യവസായ മന്ത്രി പി. രാജീവ്. അടുത്ത വർഷം ഫെബ്രുവരി 21, 22 തീയതികളിൽ കേരളത്തിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി ബംഗളൂരുവിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച വ്യവസായിക ഇക്കോസിസ്റ്റമാണ് കേരളത്തിലേത്. കേന്ദ്രസർക്കാറിന്റെ റേറ്റിങ്ങിൽ കേരളം മുന്നിലെത്തിയത് ഇതിന്റെ തെളിവാണെന്നും പ്രചാരണം മറികടന്ന് കേരളം മുന്നേറുകയാണെന്നും മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.

വിജ്ഞാനാധിഷ്ഠിതമായ വ്യവസായങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ സാ​ങ്കേതിക വിദ്യ, ഗ്രഫീൻ, ബിഗ് ഡേറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ്, എയ്റോ സ്പേസ്, പ്രതിരോധ മേഖല തുടങ്ങി 22 മുൻഗണന മേഖലകളിൽ കേരളത്തിൽ വൻ നിക്ഷേപ സാധ്യതയാണുള്ളത്. കേരളം വ്യവസായത്തിന് അനുകൂലമല്ലെന്നാണ് പ്രചാരണം. എന്നാൽ, അതിനുമെത്രേയോ അകലെയാണ് വസ്തുതകൾ. ‘പ്രകൃതി, മനുഷ്യൻ, വ്യവസായം’ എന്ന മുദ്രാവാക്യവുമായി പുതിയ വ്യവസായ നയംതന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. വൻതോതിൽ മലിനീകരണമുണ്ടാക്കുന്ന വൻകിട പദ്ധതികൾ കേരളത്തിന്റെ സാഹചര്യത്തിൽ യോജിച്ചതല്ല. എന്നാൽ, വൈവിധ്യമാർന്ന ഭൂമികയും മികച്ച സാമൂഹികാന്തരീക്ഷവുമുള്ള കേരളം പുതിയ വ്യവസായ നയം കൊണ്ടുവരുന്നതിന് നിരവധി പരിഷ്‍കാരങ്ങളാണ് വരുത്തിയിട്ടുള്ളത്.

കേരള സെൻട്രലൈസ്ഡ് ഇൻസ്​പെക്ഷൻ സിസ്റ്റം (കെ.സി.ഐ.എസ്) വ​ഴി പരിശോധന റിപ്പോർട്ടുകൾ സുതാര്യമാക്കി. 48 മണിക്കൂറിനുള്ളിൽ പരിശോധന വിവരങ്ങൾ പബ്ലിക് ഡൊമൈനുകളിൽ ലഭ്യമാവുന്ന സംവിധാനമാണിത്. ‘ഇയർ ഓഫ് എന്റർപ്രൈസസ്’ എന്നതിലൂടെ രണ്ടര വർഷത്തിനിടെ 2,90,000 എം.എസ്.എം.ഇകളാണ് കേരളത്തിൽ ആരംഭിച്ചത്. 18,000ത്തിലേറെ കോടിയുടെ നിക്ഷേപം നടന്നു. ഇതിൽ 92,000 സംരംഭങ്ങളും വനിതകളുടേതാണ്. 30 എണ്ണം ട്രാൻസ്ജെൻഡറുകളുടേതും. എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന എം.എസ്.എം.ഇ ക്ലിനിക്കുകൾ വഴി സംരംഭകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കുമെന്നും സർക്കാർ പകുതി പ്രീമിയം അടക്കുന്ന രീതിയിൽ എം.എസ്.എം.ഇകൾക്കായി ഇൻഷുറൻസ് സ്കീം അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe