കേരളത്തിൽ ഹജ്ജ് സർവീസ് നടത്താൻ രണ്ടു വിമാനക്കമ്പനികൾ കൂടെ വരുന്നു; നിരക്ക് ഏറ്റവും കുറയുക കരിപ്പൂരിൽ

news image
Sep 30, 2025, 4:53 am GMT+0000 payyolionline.in

കേരളത്തിൽ ഇത്തവണ ഹജ്ജ് സർവീസ് നടത്താൻ രണ്ടു വിമാനക്കമ്പനികൾ കൂടെയെത്തും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും ഹജ്ജ് യാത്രാ നിരക്ക് കുറഞ്ഞിട്ടുണ്ട്. കരിപ്പൂരിൽ നിന്നാണ് കൂടുതൽ നിരക്ക് കുറവെന്നും അധികൃതർ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ കമ്പനിയായ ആകാശ എയറും കണ്ണൂരിൽനിന്ന് സൗദി കമ്പനിയായ ഫ്ലൈ അദീലുമാണു സർവീസ് നടത്തുക.

ഇവ രണ്ടും ആദ്യമായാണ് ഹജ്ജ് സർവീസിനു കേരളത്തിലെത്തുന്നത്. നേരത്തേ ഹജ്ജ് സർവീസ് നടത്തിയിട്ടുള്ള ഫ്ലൈ നാസ് ആണ് കൊച്ചിയിൽനിന്നുള്ള ഹജ്ജ് സർവീസ് നടത്തുകയെന്ന് കരിപ്പൂർ ഹജ്ജ് ഹൗസ് അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.

 

ആകാശ എയർ ആദ്യമായാണ് കരിപ്പൂരിലെത്തുന്നത്. ഒക്ടോബർ ഒന്നു മുതൽ മുംബൈ -കോഴിക്കോട് സർവീസ് ആരംഭിക്കാനിരിക്കുകയാണ് ആകാശ എയർ. തുടർന്ന് വൈകാതെതന്നെ സൗദിയിലേക്കുള്ള സർവീസും ആരംഭിക്കും. അതേസമയം, ഇത്തവണ ടെൻഡറിൽ നിശ്‌ചയിച്ച തുകയും കഴിഞ്ഞ വർഷത്തെ നിരക്കും താരതമ്യപ്പെടുത്തുമ്പോൾ, കേരളത്തിലെ 3 വിമാനത്താവളങ്ങളിലും ഇത്തവണ ഹജ് യാത്രാ നിരക്ക് കുറഞ്ഞിട്ടുണ്ട്.

കരിപ്പൂരിലാണു കൂടുതൽ കുറവ്. കഴിഞ്ഞ തവണ 1,35,828 രൂപയായിരുന്നത് ഇത്തവണ 1,05,270 രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 30,000 രൂപയിലേറെ കുറവുണ്ട്. കൊച്ചിയിൽ കഴിഞ്ഞ വർഷം 93,231 രൂപയായിരുന്നത് ഇത്തവണ 86,043 രൂപയായി. കണ്ണൂരിൽ ഇത്തവണ 88,044 രൂപയാണ്. കഴിഞ്ഞ വർഷം 94,288 രൂപയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe