മലപ്പുറം: കേരള കുംഭമേള എന്ന പേരിൽ മലപ്പുറം തിരുനാവായ ഭാരതപ്പുഴയോരത്ത് മഹാമാഘ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. മേളയുടെ ഔപചാരിക ഉദ്ഘാടനം 19-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് നിർവഹിക്കുന്നത്.
അതേസമയം, മേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഭാരതപ്പുഴയിലെ താത്കാലിക പാലം നിർമാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധത്തിനാണ് സംഘ്പരിവാർ ഹാൻഡിലുകൾ സമൂഹമാധ്യമങ്ങളിൽ തിരികൊളുത്തിയത്. വർഗീയ മുതലെടുപ്പിനുള്ള ശ്രമമാക്കി മാറ്റുകയും ചെയ്തു.
ഇതിനിടെ മഹാമാഘമഹോത്സവ സമിതി ചെയർമാൻ അരീക്കര സുധീർ നമ്പൂതിരിയുടെ നേതൃത്വത്തിൽ സംഘാടകർ വ്യാഴാഴ്ച കലക്ടർ വി.ആർ. വിനോദുമായി ചർച്ചനടത്തിയതിനെത്തുടർന്ന് പ്രവർത്തനങ്ങൾ തുടരാനും ചടങ്ങുകൾ നടത്താനും ജില്ല ഭരണകൂടം വാക്കാൽ അനുമതിനൽകി. 21 നിർദേശങ്ങളാണ് കലക്ടർ സംഘാടകർക്കു നൽകിയത്. നിർത്തിവെച്ച പാലം നിർമാണം പുനരാരംഭിക്കുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ ദിവസം താൽക്കാലിക നിർമാണങ്ങൾ തടഞ്ഞു നൽകിയ സ്റ്റോപ് മെമ്മോ പിൻവലിക്കുകയോ നടത്തിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക അനുമതി രേഖാമൂലം നൽകുകയോ ചെയ്തിട്ടില്ല. നവംബർ 14ന് മഹാമാഘ ഉത്സവത്തിന്റെ സംഘാടക സമിതിയും 15ന് കോഴിക്കോട് സാമൂതിരിയും നൽകിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് 2 ദിവസം ശേഷിക്കെ കലക്ടറുടെ ഇടപെടൽ ഉണ്ടായത്.
കലക്ടറുടെ നിർദേശങ്ങൾ പാലിക്കാനും കർമപദ്ധതി തയാറാക്കി നൽകാനും സംഘാടകസമിതി തയാറാണെന്നാണ് വിവരം. താത്കാലിക പാലം ഇന്ന് വൈകിട്ടോടെ നിർമാണം പുർത്തിയാക്കും. 300 പേരെ വഹിക്കാനുള്ള ശേഷിയാണ് പാലത്തിനുള്ളത്. 300 മീറ്റർ നീളമുള്ള പാലത്തിന് 12 അടി വീതിയുണ്ട്. 12 അടിയോളം പുഴയിൽ താഴ്ത്തിയ കമുകുകളാണ് പാലത്തിന്റെ തൂണുകൾ. തിരുനാവായയിൽ നിന്ന് പുഴയിലുള്ള യജ്ഞശാലയിലേക്ക് പോകാനാണ് പാലം നിർമിച്ചത്.
തിരുനാവായയിൽ ഒന്നരയേക്കർ സ്ഥലത്ത് 16,000 ചതുരശ്രയടി വിസ്തീർണമുള്ള പന്തൽ തയാറാക്കിയിട്ടുണ്ട്. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച പന്തൽ ഭക്ഷണ വിതരണത്തിനുള്ളതാണ്. ഈ പന്തലിനു പിന്നിൽ വിഐപി മുറികൾ തയാറാക്കും. പുഴയിൽ പുൽക്കാട് വെട്ടി തയാറാക്കിയ എട്ട് ഏക്കറിൽ യജ്ഞശാലയുടെ നിർമാണവും ഉടൻ തുടങ്ങും. മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്തി.
