തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തെ കലാപോത്സവമാക്കി മാറ്റിയെന്ന് കെ.എസ്.യു. കലോത്സവം നിർത്തിവെക്കാനുള്ള തീരുമാനം ദൗർഭ്യാഗകരമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പ്രസ്താവനയിൽ അറിയിച്ചു. കലോത്സവത്തെ അലങ്കോലപ്പെട്ടത് സർവകലാശാല യൂനിയൻ ഭരിക്കുന്ന എസ്.എഫ്.ഐ യുടെ തെറ്റായ സമീപനമാണിതിന് കാരണം. മാസങ്ങളോളം നീണ്ട പരിശീലനത്തിനൊടുവിലാണ് വിദ്യാർഥികൾ യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്നത്. വിദ്യാർഥികളോട് പ്രതിബദ്ധത പുലർത്താൻ എസ്.എഫ്.ഐ തയാറാവുന്നില്ല
കലോത്സവത്തിന്റെ തുടക്കം മുതൽ എസ്.എഫ്.ഐയിൽ നിന്ന് യൂനിയൻ പിടിച്ച കോളജുകളിലെ യൂനിയൻ ഭാരവാഹി ളുടെയും, മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടേയും ചിത്രങ്ങൾ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ച് അവരെ അക്രമിക്കാൻ ആസൂത്രിതമായ നീക്കം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തുമ്പ സെൻറ് സേവ്യേഴ്സ്, നെടുമങ്ങാട് ഗവ. കോളജ്, വർക്കല എസ്.എൻ കോളജ്, തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ്, ഗവ. ലോ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും യൂനിയൻ ഭാരവാഹികളെയും മർദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ മാർ ഈവാനിയോസ് കോളജ് 234 പൊയിൻറുകളോടെ ഒന്നാം സ്ഥാനത്താണ്. എട്ട് പൊയിൻറുകളുടെ ലീഡാണുള്ളത്. നേരത്തെ നൽകിയ 20 പോയിൻറുകൾ റദ്ദാക്കുകയും, അപ്പീലുകൾ ഒന്നും അനുവദിക്കാതിരിക്കുകയും, ഒന്നാം സ്ഥാനം ലഭിച്ച മാർഗംകളി, തിരുവാതിര മത്സരങ്ങൾ വീണ്ടും നടത്താനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. 25 വർഷം എസ്.എഫ്.ഐ അടക്കി ഭരിച്ചിരുന്ന യൂനിയൻ കെ.എസ്.യു പിടിച്ചെടുത്തതു മുതൽ, ഇത്തവണ കലാ കിരീടം ഉയർത്താൻ മാർ ഈവാനിയോസിനെ അനുവദിക്കില്ല എന്ന ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു.
സർവകലാശാലയുടെ ചരിത്രത്തിലെ അമ്പേ പരാജയപ്പെട്ട കലോത്സവമാണ് ഇത്തവണ അരങ്ങേറിയത്. കലാകാരന്മാരുടെ കലാമൂല്യത്തിന് വില നൽകാതെ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെക്കുന്ന എസ്.എഫ്.ഐയുടെ സമീപനം പ്രതിഷേധാർഹമാണ്.
രാത്രി യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥികളെയും അധ്യാപകരെയും ഇറക്കിവിട്ടതു മുതൽ സർവകലാശാല സെനറ്റ് ഹാളിൽ വെച്ച് വിദ്യാർഥികളെ മർദിക്കുന്നത് പോലെയുള്ള നിരവധി അനിഷ്ഠ സംഭവങ്ങൾ അരങ്ങേറിയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് പറഞ്ഞു.