കൊച്ചി: കൊച്ചിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന പരാതിയിൽ പരിക്കേറ്റ കുട്ടിയിൽ നിന്ന് പൊലീസ് മൊഴി എടുത്തു. തൃക്കാക്കര പൊലീസ് ആണ് കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഇതിന് ശേഷം ആരോപണവിധേയരായ കുട്ടികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. കുട്ടികളായതിനാൽ കേസെടുക്കുന്നത് പൊലീസ് പരിഗണിക്കുന്നില്ല.
എന്നാൽ ഇവരുടെ സാമൂഹിക സാഹചര്യം പരിശോധിച്ച് തുടർനടപടികൾക്കായി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനിടെ ആലുവയിൽ യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ക്വട്ടേഷൻ നൽകിയ എഡ്വിൻ ജോൺസൺ ഉൾപ്പെടെ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും. ആലുവ കുട്ടമശേരി സ്വദേശി ബിലാലിനെയാണ് വ്യാഴാഴ്ച ഉച്ചയോടെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്.