കൊച്ചി: കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ കവാടത്തിൽ തിക്കിലും തിരക്കിലും നാല് പേർ മരിച്ച ദുരന്തത്തിൽ പ്രിൻസിപ്പാളിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്. മനപൂർവമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സ്കൂൾ ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു, ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
നവംബർ 25ന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ‘ധിഷ്ണ 2023’ ടെക് ഫെസ്റ്റിനിടെ ഉണ്ടായ ദുരന്തത്തിൽ കുസാറ്റിലെ മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പടെ നാല് പേരാണ് മരിച്ചത്. നികിത ഗാന്ധിയുടെ സംഗീതനിശ തുടങ്ങുന്നതിന് മുമ്പാണ് തിക്കുംതിരക്കുമുണ്ടായത്. സംഭവത്തിന് പിന്നാലെ ഡോ. ദീപക് കുമാർ സാഹുവിനെ സ്ഥലം മാറ്റിയിരുന്നു.