കൊയിലാണ്ടി: കൊയിലാണ്ടിയിൽ എടിഎം നിറയ്ക്കാനുള്ള പണം തട്ടിയ പ്രതികളുമായി തെളിവെടുപ്പ് നടത്തി പോലീസ്. പോലീസ് സമർപ്പിച്ച അപേക്ഷയിൽ മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തിക്കോടി കാത്തലിക് സിറിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി ബീച്ച്, ബാഗും പർദ്ദയും ഉപേക്ഷിച്ച തുറശ്ശേരികടവ് പാലം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികളിൽ പണയം വെച്ച സ്വർണ്ണത്തിനായി പോലീസ് വരും ദിവസങ്ങളിൽ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കൊയിലാണ്ടി സബ്ബ് ജയിലിലാണ് പ്രതികൾ കഴിഞ്ഞിരുന്നത്. പയ്യോളി ബീച്ച് സുഹാന മൻസിൽ സുഹൈൽ (25), തിക്കോടി കോടിക്കൽ ഉമ്മർ വളപ്പിൽ താഹ (27), തിക്കോടി കോടിക്കൽ പുളിവളപ്പിൽ
യാസർ (20) എന്നീ പ്രതികളെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. സുഹൈലിനെ കാറിൽ കെട്ടിയിട്ട് പണം കവർന്നു എന്നായിരുന്നു പരാതി. അരിക്കുളം കുരുടി മുക്കിൽ നിന്നും കാറിൽ പണവുമായി വരവെ കാറിനു മുന്നിൽ ചാടിയവർ മുളക് പൊടി വിതറിയെന്നും പിന്നീട് ഒന്നും ഓർമ്മയില്ലെന്നുമായിരുന്നു 25 ലക്ഷം കവർന്നതായുമാണ് സുഹൈൽ പറഞ്ഞത്. കാട്ടിൽ പിടികയിൽ കാറിൽ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. ശരീരത്തിലും സുഹൈലിൻ്റെ കാറിലും മുളക് പൊടി വിതറിയിരുന്നു. വൺ ഇന്ത്യാ എടിഎം കരാർ ജീവനക്കാരനാണ്. സുഹൈലിൻ്റെ പരാതിയിൽ തന്നെ പന്തികേട് തോന്നിയ പോലീസ് അന്വേഷണം ഞൊടിയിടയിൽ തന്നെ ആരംഭിച്ചു.
പിന്നീട് 25 ലക്ഷം നഷ്ടമായെന്ന് പറഞ്ഞ സുഹൈൽ പിന്നീട് 75 ലക്ഷം നഷ്ടപ്പെട്ടതായി പോലീസിൽ പരാതി നൽകി. സുഹൈലിൻ്റെ മൊഴി തുടക്കത്തിലെ സംശയം തോന്നിയ പോലീസ് അന്വേഷം പുരോഗമിച്ചതോടെ പരാതിക്കാരൻ തന്നെ പ്രതിയാവുകയായിരുന്നു. സുഹൈലിൻ്റെ കള്ളക്കഥകൾ പൊളിയുകയും ചെയ്തു. താഹയും സുഹൈലുമാണ് മോഷണം ആസൂത്രണം ചെയ്തത്. കൊയിലാണ്ടി സി.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ്റെ നേതൃത്യത്തിലായിരുന്നു തെളിവെടുപ്പ്. സംഭവം നടന്ന അരിക്കുളം ഭാഗത്ത് നിന്നു മുതൽ കാട്ടിൽ പിടികവരെ നൂറോളം സി.സി.ടി.വി.കൾ പരിശോധിക്കുകയും ചെയ്തു. സുഹൈലിൻ്റെ കാറിനു പിന്നിലായി കവർച്ചാ സംഘത്തിലുള്ളവർ പിന്തുടർന്നതായി ദൃശ്യങ്ങളിൽ കണ്ടതോടെ പോലീസിനു കാര്യങ്ങൾ മനസ്സിലായി. എന്നാൽ ചോദ്യം ചെയ്യലിൽ സുഹൈൽ സഹകരിച്ചിരുന്നില്ല. എന്നാൽ പോലീസിന് കാര്യങ്ങൾ വ്യക്തമായി എന്നറിഞ്ഞതോടെയാണ് സുഹൈൽ എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്നു പറഞ്ഞത്. വൺ ഇന്ത്യ എ.ടി.എം.കമ്പനിയുടെതായിരുന്നു പണം. സാധാരണയായി ബൈക്കിലാണ് പണം കൊണ്ടു പോകാറുള്ളത്. അന്നേ ദിവസം കാറിലാണ് പോയത്. സുഹൈൽ ഒറ്റയ്ക്കായിരുന്നു കാറിൽ ഉണ്ടായിരുന്നത്. 62 ലക്ഷം രൂപ ബാങ്കുകളിൽ നിന്നും സുഹൈൽ പിൻവലിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ മനസ്സിലാക്കി. 62 ലക്ഷം രൂപയാണ് കൃത്യമായിനഷ്ടമായത്. എ.ടി.എം കരാർ എടുത്ത മുഹമ്മദ് 72 ലക്ഷം രൂപ പോയതായാണ് പോലീസിൽ മൊഴി നൽകിയത്. വില്യാപ്പള്ളിയിലെ ഒരു ആരാധാനാലയത്തിൽ നിന്നും 37 ലക്ഷം രുപയും പോലീസ് കണ്ടെടുത്തു. ഇതിനു പുറമെ താഹ മറ്റൊരാൾക്ക് നൽകിയ അഞ്ച് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണം കണ്ടെടുക്കാനുണ്ട്.