കൊയിലാണ്ടി: ശനിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ ദേശീയപാതയിലെ പുതിയ ആറുവരിപ്പാതയിൽ മുട്ടറ്റം വെള്ളക്കെട്ട് രൂപപ്പെട്ടു. ഉയരപ്പാതയിൽ മഴവെള്ളം ഒലിച്ചുപോകാനായി സ്ഥാപിച്ച പൈപ്പുകൾ അടഞ്ഞുകിടക്കുന്നതാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമായത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങൾ പാതയിലൂടെ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണിപ്പോൾ. മഴക്കാലം മുന്നിലെത്തിയിട്ടും ഓവുചാലുകളും പൈപ്പുകളും വൃത്തിയാക്കാൻ അധികൃതർ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ മുതൽ പൂക്കാട് വരെയുള്ള ഭാഗങ്ങളിൽ പടിഞ്ഞാറുവശത്ത് അതീവ ഗുരുതരമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ വെള്ളം തെറിക്കുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ചേമഞ്ചേരി, പൊയിൽക്കാവ്, ചെങ്ങോട്ടുകാവ് ഭാഗങ്ങളിൽ ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തികൾ ഇനിയും പൂർത്തിയായിട്ടില്ല. മഴ ശക്തമാകുന്നതിന് മുൻപ് ഈ പണികൾ തീർത്തില്ലെങ്കിൽ ജനങ്ങൾ വലിയ യാത്രാദുരിതം അനുഭവിക്കേണ്ടി വരും.
*ചെളിക്കുളമായി സർവീസ് റോഡുകൾ*
നിലവിൽ പൊയിൽക്കാവ് ഭാഗത്തെ സർവീസ് റോഡിൽ കനാൽ വെള്ളവും മഴവെള്ളവും കയറി റോഡ് പൂർണ്ണമായും തകർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൊയിൽക്കാവിൽ സിമന്റ് കയറ്റിവന്ന ലോറി തകർന്ന റോഡിൽ താഴ്ന്നുപോയ സംഭവമുണ്ടായി. കൊല്ലം കുന്നോറമല ഭാഗത്തും നിർമ്മാണ പ്രവർത്തനങ്ങൾ അപൂർണ്ണമാണ്. ഇവിടെ മണ്ണ് കുഴഞ്ഞുമറിഞ്ഞ് കിടക്കുന്നതിനാൽ മഴ പെയ്യുന്നതോടെ പ്രദേശം മുഴുവൻ ചെളിക്കളമായി മാറുകയാണ്. ശാശ്വതമായ ഡ്രെയിനേജ് സംവിധാനം ഒരുക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൊയിലാണ്ടി മേഖലയിൽ ഗതാഗതം ദുഷ്കരമാകുമെന്നാണ് ആശങ്ക.
